തൊടുപുഴ: മോഷണം നടത്താനായി ഒരു പ്രദേശത്ത് ഒന്നാകെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് മോഷ്ടാക്കൾ. തൊടുപുഴയിലും പരിസര പ്രദേശങ്ങളുമാണ് കവർച്ച ആസൂത്രണം ചെയ്യുന്നതിനായി മോഷ്ടാക്കൾ വൈദ്യുതി വിച്ഛേദിച്ചത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് സംഭവം. തൊടുപുഴ, പുറപ്പുഴ സബ് സ്റ്റേഷന് കീഴിൽ വിവിധ മേഖലകളിലാണ് ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. പുലർച്ചെ 1.45ന് വൈദ്യുതിയില്ലെന്ന പരാതിയുമായി നാട്ടുകാർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിൽ വിളിച്ചു. ഇതോടെ വൈദ്യുതി ഇല്ലാതായതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്. കെ.എസ്.ഇ.ബി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കുടയത്തൂർ ഭാഗത്തും ഇതേ രീതിയിൽ വൈദ്യുതി തടസപ്പെട്ടിരുന്നു. അന്നേ ദിവസം രാത്രിയിൽ കുടയത്തൂർ മേഖലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. ഇവിടെ വൈദ്യുതി ബന്ധം ഇല്ലാതാക്കി പ്രദേശം ഇരുട്ടിലാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. അർദ്ധരാത്രിയ്ക്ക് ശേഷമായതിനാൽ വൈദ്യുതി മുടങ്ങിയത് പ്രദേശവാസികൾ കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് നാട്ടുകാരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ഊരി മാറ്റിയ നിലയിൽ കണ്ടെത്തിയത്. ട്രാൻസ്‌ഫോർമറിലെ എ.ബി സ്വിച്ചുകളാണ് കവർച്ചയ്ക്ക് മുന്നോടിയായി ഓഫ് ചെയ്യുന്നത്. ഇത് ഓഫ് ചെയ്യുന്നതോടെ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങും. ഇതു മുതലെടുത്താണ് കവർച്ച ആസൂത്രണം നടത്തുന്നത്. പുറപ്പുഴ സെക്ഷനു കീഴിൽ നാല് എ.ബി സ്വിച്ചുകളാണ് കഴിഞ്ഞ ദിവസം ഓഫ് ചെയ്തത്. ആലക്കോട് സെക്ഷന് കീഴിലും സമാന രീതിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.