കുടയത്തൂർ: മലങ്കര ജലാശയത്തിൽ അഗ്നിരക്ഷാ സേനയിലെ സ്‌കൂബ ടീമിന്റെ നേതൃത്വത്തിൽ മെഗാ പരിശീലനം സംഘടിപ്പിച്ചു. 100 അടി താഴ്ചയിൽ വരെ മുങ്ങി കഴിവ് തെളിയിച്ച സ്‌കൂബ ഡൈവിങ് വിദഗ്ദ്ധരാണ് പരിശീലനത്തിൽ പങ്കെടുത്തത്. അടിക്കടി ജലാശയത്തിലും പുഴകളിലും ഉണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവത്കരണവും സേനാംഗങ്ങൾക്ക് പരിശീലനവും നൽകുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാതല പരിശീലന പരിപാടി. ഫയർ സർവീസിന്റെ ഭാഗമായ സിവിൽ ഡിഫൻസ് അംഗങ്ങളും ആറോളം ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ നടത്തിയ പരിശീലനത്തിൽ പങ്കാളികളായി. അഗ്നിരക്ഷാസേന ഉപയോഗിക്കുന്ന ഇ.ടി.ആർ വാഹനവും അതിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തന പ്രദർശനവും പരിശീലനത്തോടനുബന്ധിച്ച് നടത്തി. ജില്ലയിലെ ഏഴ് അഗ്നിരക്ഷാ നിലയങ്ങളിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും പരിശീലനത്തിൽ പങ്കാളികളായി. പരിശീലനത്തോടനുബന്ധിച്ച് ഫയർ സർവ്വീസിലെ അത്യാധുനിക സജ്ജീകരണങ്ങൾ കാണുന്നതിനും അടുത്തറിയുന്നതിനും വിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിരുന്നു. കേരളത്തിലെ മികച്ച അഗ്നിരക്ഷാ ഉപകരണങ്ങളിൽ ഒന്നായ എമർജൻസി റെസ്‌ക്യൂ ടെണ്ടർ സെമിനാറിനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണത്തിനായി പ്രദർശിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയ് അദ്ധ്യക്ഷത വഹിച്ചു. കുടയത്തൂർ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എൻ. ഷിയാസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കുടയത്തൂർ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. തോംസൺ ജോസഫ്, തൊടുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഫയർ മെക്കാനിക്ക് സർവീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്ക് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. വേണു, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സുമോദ്, മൂലമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൽ അസീസ്, സ്റ്റേഷൻ ഓഫീസർ എം.എസ്. അഖിൽ എന്നിവർ സംസാരിച്ചു. തൊടുപുഴ സീനിയർ ഫയർ ഓഫീസർ ടി.കെ. വിനോദ് സ്‌കൂബാ മുങ്ങൽ പരിശീലനം സംബന്ധിച്ചുള്ള സെമിനാർ നയിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ജാഫർഖാൻ, എം.വി. മനോജ്, ബിജു പി. തോമസ്, ടി.കെ. ജയറാം, ജിൻസ് മാത്യു, എം.എസ്. അനൂപ് എന്നിവർ നേതൃത്വം നൽകി. അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, മുട്ടം ഐ.എച്ച്.ആർ.ഡി ഹയർ സെക്കൻഡറി സ്‌കൂൾ, കുടയത്തൂർ സരസ്വതി വിദ്യാനികേതൻ തുടങ്ങിയ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ സെമിനാറിൽ പങ്കെടുത്തു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ഡിങ്കി ബോട്ടിൽ മലങ്കര ജലാശയത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തു.