
സീപ്ലെയിൻ സർവീസ് കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടി ഡാമിലേക്ക്
അഖിൽ സഹായി
ഇടുക്കി: കൊച്ചിയിലെ ബോൾഗാട്ടി കായലിലും മൂന്നാർ മാട്ടുപ്പെട്ടി ഡാമിലും ആദ്യമായി ജലവിമാനമെത്തുന്നു. നാളെ വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ ഇറങ്ങുന്നത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ്ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും.
വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി ' വാട്ടർ എയറോ ഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.
സീ പ്ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.
11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.