കട്ടപ്പന: കേരള സർക്കാർ നടപ്പിലാക്കി വരുന്ന മാലിന്യമുക്ത നവകേരളം ജനകീയ പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ 12,​580 വീടുകളും അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേ ആയ 2025 മാർച്ച് 30ന് ഹരിത ഭാവനകളാകുമെന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ 38 ശാഖകൾ, പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പൊതുപരിപാടികൾ, ജൈവ- ഖര- ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം, പരമാവധി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വീടുകളിലേക്ക് എത്തിക്കാതിരിക്കൽ, കൃഷി, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് വരുംതലമുറയ്ക്ക് നല്ല ഒരു ഭൂമി കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇതിൽ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയെക്കുറിച്ച് ഹരിതമിഷൻ ജില്ലാ കോഡിനേറ്റർ ഡോ. അജയ്, കട്ടപ്പന മുനിസിപ്പൽ ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ എബിൻ വർഗീസ് എന്നിവർ വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി അഞ്ചിനം പച്ചക്കറികളുടെ കൃഷി, ഭൂഗർഭ ജലലഭ്യത കൂട്ടുന്നതിന് ആവശ്യമായ വാട്ടർ റീചാർജ്ജ്, ഊർജ്ജ സംരക്ഷണം എന്നിങ്ങനെ എട്ടിനം ലക്ഷ്യങ്ങൾ നേടിയ 50 ലക്ഷം ഭവനങ്ങളാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ആലോചനാ യോഗത്തിൽ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു, കൗസിലർമാരായ പി.ആർ. രതീഷ്, മനോജ് ആപ്പാന്താനം, സുനിൽകുമാർ, കെ.കെ. രാജേഷ്, പ്രദീപ് അറഞ്ഞനാൽ, യൂത്ത്മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി അജേഷ് ചെമ്പൻ എന്നിവർ പങ്കെടുത്തു.