മൂന്നാർ: തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ് പകർന്ന് ഇടുക്കിയുടെ ചരിത്രത്തിൽ ആദ്യമായി ജലവിമാനമെത്തുന്നു. മൂന്നാർ മാട്ടുപ്പെട്ടി ഡാമിലാണ് തിങ്കളാഴ്ച കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീപ്ലെയിനെത്തുന്നത്. രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് താണിറങ്ങുന്ന സീപ്ലെയിന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം.എൽ.എമാരായ എ. രാജ, എം.എം. മണി എന്നിവരുമുണ്ടാകും. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് രാവിലെ 9.30ന് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ളാഗ് ഒഫ് ചെയ്യുക. കെ.എസ്.ഇ.ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം സഞ്ചരിക്കുന്നതിന് പകരം ഇനി കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. സീപ്ലെയിന് വലിയ ജന്നാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. 2013ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഷ്ടമുടിക്കായലിൽ സീപ്ലെയിനെത്തിച്ച് പരീക്ഷണ പറക്കൽ നടത്തിയിരുന്നെങ്കിലും തങ്ങളുടെ ജീവനോപാധികൾ ഇല്ലാതാവുമെന്ന മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുയായിരുന്നു. തുടർന്ന് രണ്ട് വർഷം മുമ്പാണ് പിണറായി സർക്കാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ സീപ്ലെയിൻ ഇറക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്.
പ്രതീക്ഷയുടെ ചിറകിൽ
സത്രംഎയർസ്ട്രിപ്പ്
പീരുമേട്: വനംവകുപ്പ് കനിഞ്ഞാൽ സത്രം എയർസ്ട്രിപ്പ് ഉടനെതന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ.
പരീക്ഷണ പറക്കൽ നടത്തിയ വിമാനത്തിന് വടക്കുഭാഗത്തുള്ള മൺതിട്ട ദൂരകാഴ്ച മറച്ചതിനെത്തുടർന്ന് മൺതിട്ട നീക്കം ചെയ്യണമെന്ന്
നിർദേശിച്ചിരുന്നു.അതോടൊപ്പം അപ്രോച്ച് റോഡിന്റെ ശേഷിക്കുന്ന ഭാഗം കൂടി ഉടനെതന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് നടപടികൾ മുന്നോട്ട് നീങ്ങുന്നത്. ശബരിമല ഡിവിഷൻ മുതൽ എയർ സ്ട്രിപ്പിന്റെ 400 മീറ്റർ ദൂരംറോഡ് പണികൾ പൂർത്തീകരിച്ചു. ശേഷിച്ചതിന് പരിസ്ഥിതിയുടെ പേരിൽ വനം വകുപ്പ് തടസ്സം നിൽക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകും.
ഒരു വർഷം ആയിരം എൻ സി സികേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലനകേന്ദ്രമാണ് സത്രത്തിലേത്. ജില്ലയിലെ തന്നെ 200കേഡറ്റുകൾക്ക് സൗജന്യപരിശീലനം ലഭിക്കും.2023 ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഒരു വർഷമായി മുടങ്ങിക്കിടക്കുന്നത്
2017 മെയ് 21നാണ് വണ്ടിപ്പെരിയാർ സത്രത്തിൽ റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. .