pic

തൊടുപുഴ: ഒറ്റ നോട്ടത്തിൽ ആരും ശ്രദ്ധിക്കാത്തത് കൊണ്ടാണോ എന്നറിയില്ല സിവിൽ സ്റ്റേഷന്റെ പിൻവശത്തോട് ഒരു അവഗണന മനോഭാവം. പെട്ടെന്ന് നോക്കിയാൽ ഇതെന്ത് ആക്രിക്കടയോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പഴയ ട്യൂബുകൾ അടുക്കി വെച്ചിരിക്കുന്നു,​ മറുവശത്ത് മാലിന്യം ചാക്കിലാക്കി കെട്ടിവെച്ചിരിക്കുന്നു. നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകളെല്ലാം സ്ഥിതിചെയ്യുന്ന ഇടമായ മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ ചില പിന്നാമ്പുറ കാഴ്ചകൾ കാണേണ്ടതു തന്നെയാണ്. കൊഴിഞ്ഞ ഇലകളും പിന്നാമ്പുറത്തെ ഓരത്തെ മതിലിനോട് ചേർന്ന് ചാക്കിൽ കെട്ടിവച്ചിരിക്കുന്ന നിലയിലും കൊഴിഞ്ഞ ഇലകളുടെ കൂമ്പാരം. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിൽ നിന്നും അൽപം മാറിയാണ് മൂന്ന് നാല് പ്ലാസ്റ്റിക്ക് ചാക്ക് കെട്ടുകളിലാക്കി അവ കെട്ടിവെച്ചിരിക്കുന്നത്. അത് വരെ പൊഴിഞ്ഞ ഇലകളുടെ കൂമ്പാരമാണ് അതിൽ കെട്ടിവെച്ചിരിക്കുന്നത്. ഇത് ഒന്നോ രണ്ടോ ദിവസത്തെ മാലിന്യമല്ല എന്നത് വ്യക്തമാണ്. അതിന്റെ സമീപത്തും ഇലകൾ കൂടിക്കിടക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിലെ അവസ്ഥയും പരിതാപകരമാണ്. പലയിടത്തിടത്തായി ടൈലുകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.

വൃത്തി അനിവാര്യമാണ്

ദിവസേന അനവധി ആളുകൾ പല ആവശ്യത്തിനായി എത്തുന്ന മിനി സിവിൽ സ്റ്റേഷന്റെ പിന്നാമ്പുറമാണ് വൃത്തിഹീനമായ അവസ്ഥയിൽ തുടരുന്നത്. പ്ളാസ്റ്റിക്ക് സഞ്ചികളിലെ ഇലകൾ കൃത്യമായി സംസ്‌കരിക്കാതെ അത് ചാക്കിൽ നിറച്ചിരിക്കുന്നത്നാളുകളായി സൂക്ഷിച്ചിരിക്കുന്നതിനാൽ അതിനുള്ളിലെ ഇലകൾ അഴുകാനുള്ള സാധ്യതയും ഏറെയാണ്. മഴ സമയങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. ഏതാനും ദിവസമായി മഴയും നഗരത്തിൽ വൈകുന്നേരങ്ങളിൽ ശക്തമായി തുടരുകയാണ്. ആ സമയത്ത് അവയിലേക്ക് വെള്ളം ഇറങ്ങി ഈർപ്പം തട്ടി അത് അഴുകാനും സാദ്ധ്യതയുണ്ട്.അത് അഴുകി അതിൽ നിന്ന് മറ്റ് പ്രാണികളും കീടങ്ങളും വരും. പ്ലാസ്റ്റിക്ക് ചാക്കിനുമുകളിലെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിന്ന് കൊതുകുകൾ ഉൾപ്പെടെ ഉണ്ടാകുകയും ചെയ്യും.

ഇത് പലരോഗങ്ങൾക്കും കാരണമാകും. നഗരത്തിലെ പ്രധാന ഇടമായ സിവിൽ സ്റ്റേഷൻ ഏവർക്കും മാതൃകയാകേണ്ടതാണ്. അവിടെയാണ് ഇങ്ങനെ ഒരു സ്ഥിതി നിലനിൽക്കുന്നത്.