തൊടുപുഴ: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിൽ തൊടുപുഴ മുൻസിപ്പൽ പാർക്കിലെ തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു.
കുട്ടികളുടെ കളിസ്ഥലത്തിന് സമീപം നിന്നിരുന്ന മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞത്. അവധി ദിനമായതിനാൽ ഇന്നലെ പാർക്കിൽ നിരവധി ആളുകളും എത്തിയിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ ആ സമയം പാർക്കിലുണ്ടായിരുന്നു. മരത്തിന്റെ സമീപത്തെ കളിസ്ഥലത്തും കുട്ടികൾ കളിക്കുന്നുമുണ്ടായിരുന്നു. മഴയുടെ ശക്തി കൂടിയതിനെ തുടർന്ന് പലരും സമീപത്തെ കടയിലേക്ക് ഓടിക്കയറിയതിനാലാണ് അപകടം ഒഴിവായി.ഇനിയും ഇത്തരത്തിൽ നിരവധി മരങ്ങൾ അതിന്റെ സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. അനവധി ആളുകളെത്തുന്ന നഗരസഭയിലെ ഏക പാർക്കാണിത്. നഗരസഭകാര്യാലയമടക്കം ഇതിന് സമീപത്താണ് പ്രവർത്തിക്കുന്നത്. നഗരത്തിലെ വഴിയരികിലുൾപ്പെടെ അനവധി മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി നിൽക്കുന്നുമുണ്ട്. മഴക്കാലം ശക്തിയാർജിക്കുന്നതോടെ അപകടത്തിന്റെ തോത് വർദ്ധിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.