pic
ഇടുക്കി അടിമാലി ടൗണിന്റെ ആകാശ ദൃശ്യത്തിൽ നിന്ന്

കട്ടപ്പന: ഏലമല പ്രദേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരത്തിനൊരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകൾ. അടുത്ത മാസം കേസിൽ അന്തിമവാദം നടക്കുമ്പോൾ സംസ്ഥാന സർക്കാർ ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ഇടുക്കിയിലെ ഏലമല പ്രദേശത്ത് പട്ടയം നൽകരുതെന്നും ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നുമാണ് സുപ്രീം കോടതിയുടെ കഴിഞ്ഞ മാസത്തെ ഇടക്കാല വിധി. സി.എച്ച്.ആർ വനഭൂമിയാണെന്നും പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2002ൽ വൺ എർത്ത് വൺലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് കോടതിയിൽ വാദം തുടരുന്നത്. ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും. സി.എച്ച്.ആർ റവന്യൂ ഭൂമിയാണെന്ന് സത്യവാങ്മൂലമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ വാദത്തിന് ബലം നൽകുന്ന രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക. 2002 മുതൽ മാറി മാറി വന്ന സർക്കാരുകൾ സുപ്രീം കോടതിയിൽ നൽകിയ രേഖകളിലും സത്യവാങ്മൂലത്തിലുമുണ്ടായ പൊരുത്തക്കേടുകളാണ് കേസിൽ തിരിച്ചടി ഉണ്ടാക്കിയത്. ഏലം കർഷക സംഘടനകൾക്കിടയിൽ ഉണ്ടായ ഭിന്നതയും പ്രതിസന്ധി സൃഷ്ടിച്ചു. ഇക്കാര്യത്തിൽ ഏക അഭിപ്രായം രൂപീകരിക്കാനും തുടർ നടപടികൾ ആലോചിക്കാനും 12ന് ചെറുതോണിയിൽ സർവ്വകക്ഷി യോഗം ചേരും.