തൊടുപുഴ: പാചകവാതകം ഉപയോഗിക്കാത്ത വീടുകളുടെ എണ്ണം കൂടിയതോടെ അത് സൃഷ്ടിക്കുന്ന അപകടങ്ങളും വർദ്ധിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചും പാചക വാതകത്തിലെ ചോർച്ചയുണ്ടായുമുള്ള അപകടങ്ങൾ ജില്ലയിൽ പതിവാണ്. കഴിഞ്ഞ ദിവസം പാചകം ചെയ്യുന്നതിനിടെ അടിമാലി തോക്കുപാറ സൗഹൃദഗിരിയിൽ പാചകവാതക സിലിണ്ടറിൽ തീ പടർന്ന് നാല് പേർക്ക് പൊള്ളലേറ്റിരുന്നു. നഗരമേഖലയെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് അപകടം കൂടുതൽ. 2023നെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ തൊടുപുഴ നഗരത്തിൽ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നത്. 2024ൽ ഇതുവരെ തൊടുപുഴയിൽ അഞ്ച് അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരമേഖലയിലെ അഗ്നി രക്ഷാസേനയുടെ ബോധവത്കരണ ക്ലാസുകളുടെ ഫലമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം സ്ഥിതി ഇതല്ലായിരുന്നു. 15 അപകടങ്ങളാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചും വാതകം ചോർന്നുമുണ്ടായത്. വീടുകൾക്കുള്ളിൽ വായുസഞ്ചാരം കുറവായതിനാൽ എൽ.പി.ജി ലീക്കാകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സിലിണ്ടറിന്റെ സാങ്കേതിക തകരാർ മൂലവും അപകടങ്ങൾ സംഭവിച്ചേക്കാം. എൽ.പി.ജിയ്ക്ക് അന്തരീക്ഷ വായുവിനേക്കാൾ സാന്ദ്രത കൂടുതലായതിനാൽ ലീക്കായാൽ പെട്ടെന്ന് അന്തരീക്ഷത്തിൽ ലയിയ്ക്കുകയില്ല. ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കും. സിലിണ്ടറിന്റെ അകത്തേക്ക് തീ വ്യാപിക്കില്ല. കാരണം, പുറമെയുള്ള വായുവിന്റെ മർദ്ദത്തേക്കാളും കൂടിയ മർദ്ദത്തിലാണ് ഗ്യാസ് നിറച്ചിരിയ്ക്കുന്നത്. എൽ.പി.ജി ലീക്കായി തീ പിടിച്ച് ചുറ്റുമുള്ള വസ്തുകൾ കത്തി സിലിണ്ടറിലെ ഗ്യാസ് അതിശക്തമായി ചൂടായി പ്രഷർ വർദ്ധിച്ച് പൊട്ടിത്തെറിയ്ക്കുകയും ചെയ്യും.

ഗ്യാസ് സിലിണ്ടർ അപകടം

2024-അഞ്ച്

2023- പതിനഞ്ച്

ശ്രദ്ധ അനിവാര്യം

1. സിലിണ്ടർ തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് അടഞ്ഞ സ്ഥലങ്ങളിലും കൈകാര്യം ചെയ്യുക ജനലിനരികിലോ മറ്റോ അടുപ്പ് വെച്ചാൽ ശ്രദ്ധ മാറി അടുപ്പ് അണഞ്ഞാൽ ഗ്യാസ് ലീക്കായി പിന്നീട് തീ കത്തിക്കുന്ന സമയത്ത് അപകടം സംഭവിച്ചേക്കാം

2. റെഗുലേറ്റർ, വാഷർ, ട്യൂബ് എന്നിവയൊക്കെ കൃത്യമായി പരിശോധിക്കണം

3. നോബ് ഓൺ ചെയ്തതിനു ശേഷം തീ കത്തിക്കരുത്

4. ഉപയോഗം കഴിഞ്ഞാൽ അടുപ്പിന്റെ നോബും റെഗുലേറ്ററും ഓഫ് ചെയ്യണം

5. ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക

6. സിലിണ്ടർ നിരപ്പായ തറയിൽ കുത്തനെ മാത്രം ഉപയോഗിക്കുക

7. സിലിണ്ടറിൽ വെയിൽ, ചൂട് എന്നിവ ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക

8. ലഭിക്കുന്ന സിലിണ്ടർ കാലാവധി കഴിഞ്ഞതാണോയെന്ന് പരിശോധിക്കുക

9. ട്യൂബ്, സ്റ്റൗ എന്നിവയിൽ ലീക്ക് ശ്രദ്ധയിൽപ്പെട്ടാൽ റെഗുലേറ്റർ ഓഫ് ചെയ്യുക

10. ഒന്നിലധികം സിലിണ്ടറുകൾ ഒരേ സ്ഥലത്ത് സൂക്ഷിക്കരുത്

ഗ്യാസ് ലീക്കായാൽ

1. സിലിണ്ടറിന്റെ വാൽവ് എത്രയും വേഗം ഓഫ് ചെയ്യുക

2. ലീക്ക് ചെയ്ത അവസ്ഥയിൽ സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്

3. പുറത്തേക്കു മാറി എത്രയും വേഗം ഫയർഫോഴ്സിനെ വിളിക്കണം

4. എൽ.പി.ജി ടാങ്കർ മറിഞ്ഞാൽ കൂടുതൽ ജാഗ്രത പാലിയ്ക്കണം

5. അപകടസ്ഥലത്തേക്ക് പോകരുത്

6. സമീപത്തെ മൊബൈലും ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യണം