കുമളി: എസ്.എൻ.ഡി.പി യോഗത്തിന്റെയും സമുദായത്തിന്റെയും താത്പര്യസംരക്ഷണത്തിന് കേരളകൗമുദി ചെയ്യുന്ന സേവനം വളരെ വലുതാണെന്ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. കേരളകൗമുദിയില്ലെങ്കിൽ മറ്റൊരു പത്രവും യോഗവാർത്തകൾ പ്രസിദ്ധീകരിക്കാതിരിക്കുമെന്ന് അനുഭവത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. എവിടെ സമുദായത്തിന് അവഗണന നേരിടുന്നുവോ അവിടെയെല്ലാം കേരളകൗമുദിയുടെ ഇടപെടലുകളിലൂടെ സമുദായതാത്പര്യം സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംവരണം ഇപ്പോഴും നിലനിൽക്കുന്നത് കേരളകൗമുദിയുടെ ശക്തമായ ശബ്ദം ഉയരുന്നതുകൊണ്ടു കൂടിയാണ്. രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും സമുദായതാത്പര്യം സംരക്ഷിക്കാൻ എന്നും കേരളകൗമുദിയുടെ ശബ്ദം സഹായകരമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളകൗമുദി വായിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സമുദായവും സംഘടനയും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗ് വാലി ശാഖയിലെ കുടുംബയോഗങ്ങളുടെ സംഗമ സമ്മേളനം ശാഖാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ശാഖാ പ്രസിഡന്റ് ഹരിസുതൻ ഓട്ടൂക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ കൗൺസിലർ പി.വി. സന്തോഷ് ശാഖാ സെക്രട്ടറി പി.ആർ. സുനിൽ, വനിതാ സംഘം പ്രസിഡന്റ് തങ്കമ്മ ശശീധരൻ, സെക്രട്ടറി രാധാമണി രവീന്ദ്രൻ, എം.ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര കമ്മറ്റി അംഗം ബിമ്പിൻ ഷാൻ ഗുരുധർമ്മ പ്രഭാഷണം നടത്തി. കുടുംബയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.