കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾക്കായി ജീവൻ സുരക്ഷ ശില്പശാല സംഘടിപ്പിച്ചു. കട്ടപ്പന ഫയർ ആൻ്റ് റെസ്ക്യുവിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ ശില്പശാല നടത്തിയത്. അപകടം സംഭവിച്ചാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, നൽകേണ്ട പ്രഥമ ശുശ്രൂഷകൾ, തീപിടിത്തം, ഷോർട്ട് സർക്യൂട്ട് എന്നിവ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ, അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്നിവയിലെല്ലാം കുട്ടികളിൽ അവബോധം നൽകി. ഫയർ എസ്റ്റിഗ്യൂഷർ ഉപയോഗിക്കേണ്ട വിധം, സി.പി. ആർ നൽകുന്ന വിധം തുടങ്ങിയവയിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. കട്ടപ്പന ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനു എം, അഭിമോദ്, അൻസലം മുഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ മുനിസ്വാമി, സോഷ്യൽ സർവ്വീസ് കോ - ഓർഡിനേറ്റർ ലിൻസി ജോർജ്, പി.ടി.എ പ്രസിഡൻ്റ് പ്രിൻസ് മറ്റപ്പിള്ളി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ രാഹുൽ ചന്ദ്രൻ, മിഥുൻ അനിൽകുമാർ, ആദിത്യസാബു ,ചിത്തിര ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.