കട്ടപ്പന: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ചിയാർ യൂണിറ്റ് ഓഫീസ് വൃത്തിയാക്കുന്നതിനിടെ ഭാരവാഹികളെ മർദിച്ചതായി പരാതി. പ്രസിഡൻ്റ് റോയി അരങ്ങത്ത്, ട്രഷറർ സണ്ണി ഈരാഞ്ചരിയിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ശനിയാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. യൂണിറ്റിന്റെ പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെ പ്രദേശവാസി ഓഫീസിനുള്ളിൽ കയറി കൈയേറ്റം ചെയ്യുകയായിരുന്നെന്നാണ് പരാതി. ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കാഞ്ചിയാറിൽ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.