മൂന്നാർ: ജില്ലയുടെ ടൂറിസം വികസനത്തിന് നാഴികക്കല്ലായി ഇന്ന് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനം പറന്നിറങ്ങും. രാവിലെ 11ന് 'ഡിഹാവ്ലാൻഡ് കാനഡ' എന്ന സീപ്ലെയിനാണ് ഡാമിൽ മുത്തമിടുക. സീ പ്ലെയിൻ ഇറങ്ങുന്നതിനുള്ള എയ്‌റോഡ്രോം (വിമാനത്താവളം) മാട്ടുപ്പെട്ടി ജലാശയത്തിൽ സജ്ജമായി. ഡി.ടി.പി.സി, ഹൈഡൽ ടൂറിസം എന്നിവയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ട് ജെട്ടികൾ സംയോജിപ്പിച്ചാണ് ജലവിമാനമിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന പരിശീലന പറക്കൽ വിജയമെന്നു കണ്ടാൽ സർവീസ് തുടർച്ചയായി നടത്താനാണ് ലക്ഷ്യം. 11.30ന് ജലവിമാനം മാട്ടുപ്പെട്ടിയിൽ നിന്നു മടങ്ങും. ജില്ലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനം ഇറങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് ഡിഹാവ്ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസിൽ രാവിലെ 9.30ന് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക. മാട്ടുപ്പെട്ടി ജലാശയത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ രാവിലെ 11ന് വിമാനത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. എം.എൽ.എമാരായ എം.എം. മണിയും എ. രാജയും മന്ത്രിക്ക് ഒപ്പമുണ്ടാകും. കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകറും ചടങ്ങിന്റെ ഭാഗമാകും.
വെള്ളത്തിലും ആകാശത്തിലും രാജ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ തന്നെ കാഴ്ചകൾ നന്നായി കാണാനാകും. റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.
'റോഡ് മാർഗ്ഗം യാത്ര ചെയ്ത് ക്ലേശിക്കാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയതോതിൽ ആകർഷിക്കും എന്നാണ് കണക്കു കൂട്ടുന്നത്"
-മന്ത്രി റോഷി അഗസ്റ്റിൻ
എയർസ്ട്രിപ്പും വരും
ഇടുക്കിയിൽ എയർ സ്ട്രിപ്പിനുള്ള പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് സീ പ്ലെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന നോ ഫ്രിൽ എയർ സ്ട്രിപ്പാണ് ഇടുക്കിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ദ്ധ നാവിക ഓഫീസർക്ക് ഇതിന്റെ ചുമത നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇടുക്കി ജില്ലയിൽ തന്നെ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി വണ്ടിപ്പെരിയാർ സത്രത്തിൽ ആരംഭിച്ച എയർ സ്ട്രിപ്പിന് പുറമേയാണ് പുതിയൊരു എയർ സ്ട്രിപ്പ് കൂടി വിഭാവനം ചെയ്തിട്ടുള്ളത്.