പീരുമേട്: ജനവാസമേഖലയിൽ നിന്ന് പിൻമാറാതെ കാട്ടാനക്കൂട്ടം വിലസുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. പീരുമേട് മേഖലയിൽ ഒരു മാസമായി നവാസ മേഖലയിലിറങ്ങി കാട്ടാന ഭീതി പരത്തുന്നു. തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, സിവിൽ സ്റ്റേഷൻ, പീരുമേട്,​ മരിയാഗിരി സ്കൂൾ ഭാഗം, തട്ടാത്തിക്കാനം എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം ദേശീയ പാതയിൽ കൂടി ഇറങ്ങി നടക്കുന്നു. ഏതാനും ദിവസം മുമ്പ് ഐ.എച്ച്.ആർ.ഡി സ്കൂൾ മുറ്റത്ത് ആനകൂട്ടം ഇറങ്ങിയത് സ്കൂൾ കുട്ടികളെ ഉൾപ്പെടെ ഭീതിയിലാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇറങ്ങി പടക്കം പൊട്ടിച്ചും മറ്റും കറങ്ങി നടക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് അയ്ക്കാൻ വലിയ പരിശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാന ഇറങ്ങി നാശം വിതച്ചു. വന്യമൃഗശല്യം നേരിടേണ്ട ആർ.ആർ.ടി സംഘത്തിന്റെ വാഹനം കട്ടപ്പുറത്തായത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ആർ. ആർ.ടി. ടീം ഉദ്യോഗസ്ഥന്മാരെ കണ്ട് ചർച്ച നടത്തി. കോട്ടയം ഡി.എഫ്.ഒയെ കണ്ട് കാട്ടാന കൂട്ടം നാട്ടിലിറങ്ങാതിരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. ഉടൻ നടപടി സ്വീകരിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.

ആർ.ആർ.ടി സംഘത്തിന്റെ വാഹനം ശരിയാക്കിയില്ല

ഒരാഴ്ചയായി പീരുമേട് ആർ.ആർ.ടി സംഘത്തിന്റെ വാഹനം കട്ടപ്പുറത്താണ്. വന്യമൃഗ ശല്യം ഉണ്ടായാൽ നാട്ടുകാർ വിളിച്ചു പറഞ്ഞാലും സംഘത്തിന് വാഹനവുമായി എത്താനാകുന്നില്ല. വാഹനം റിപ്പയർ ചെയ്യാൻ ഫണ്ടില്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതിസന്ധിയിലാണ്. ഒരു ഫോറസ്റ്ററുടെ നേതൃത്വത്തിൽ ആറ് ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. നിലവിലുള്ള വാഹനത്തിന് പുറമേ ഒരു വാഹനം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചിട്ടില്ല.