കട്ടപ്പന: മർച്ചന്റ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞടുപ്പും നടന്നു. പ്രസിഡന്റായി സാജൻ ജോർജ്, ജനറൽ സെക്രട്ടറിയായി ജോഷി കുറ്റട, ട്രഷററായി കെ.പി. ബഷീർ എന്നിവരെ തിരഞ്ഞെടുത്തു. വെള്ളയാംകുടി കല്ലറക്കൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസിയ മേച്ചേരിയിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസാക്കി. അതീവ വാശിയെറിയ തിരഞ്ഞെടുപ്പിൽ സാജൻ ജോർജിന് 505 വോട്ടും എതിർ സ്ഥാനാർത്ഥി സിബി കൊല്ലംകുടിയിലിന് 298 വോട്ടും കിട്ടി. മൂന്ന് വോട്ട് അസാധുവായി. ആകെ 805 വോട്ട് പോൾ ചെയ്തു. 986 അംഗങ്ങളാണ് ആകെയുള്ളത്. പുതിയതായി തിരഞ്ഞെടുത്ത 31 അംഗഭരണ സമിതിയാണ് അധികാരമേറ്റത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് വാരണാധികാരിയായിരുന്നു.