നെടുങ്കണ്ടം: എം.ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എം.ഇ.എസ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ്. എറണാകുളത്തു നടന്ന ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും നാല് വെള്ളിയും നേടി അഭിമാനാർഹമായ പ്രകടനമാണ് മത്സാരാർത്ഥികൾ കാഴ്ചവച്ചത്. പുരുഷ വിഭാഗത്തിൽ രാഹുൽ രാജൻ (60 കെ.ജി), അഭിമന്യു ആർ. രാജീവ് (66 കെ.ജി), അർജുൻ അജികുമാർ (മൈനസ് 100 കെ.ജി) എന്നിവർ സ്വർണവും മിഥുൻ മനോജ് (73 കെ.ജി), അഭിൻദേവ് ആർ. (90 കെ.ജി), ലൗജിത് എൽ.എസ് (പ്ലസ് 100 കെ.ജി) എന്നിവർ വെള്ളിയും നേടി. വനിതാ വിഭാഗത്തിൽ ആർ. അഭിരാമി (52 കെ.ജി), വൈശാഖി അജികുമാർ (70 കെ.ജി), നന്ദന പ്രസാദ് (78 കെ.ജി) എന്നിവർ സ്വർണവും എസ്. ഭവിത്ര (57 കെ.ജി) വെള്ളിയും നേടി.
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ പുരുഷ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നെടുങ്കണ്ടം എം.ഇ.എസ് കോളേജും രണ്ടാം സ്ഥാനം മാറമ്പള്ളി എം.ഇ.എസ് കോളേജും മൂന്നാം സ്ഥാനം ശ്രീ ശങ്കര കോളേജ് കാലടിയും നേടി. വനിതാ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നെടുങ്കണ്ടം എം.ഇ.എസ് കോളേജും, രണ്ടാമത്തെ സ്ഥാനം കോട്ടയം സി.എം.എസ് കോളേജും മൂന്നാം സ്ഥാനം അങ്കമാലി മോർണിംഗ്സ്റ്റാറും നേടി.