വടക്കുംമുറി റോഡിൽ കൂരാകീരിരുട്ട്
തൊടുപുഴ: നഗരമദ്ധ്യത്തിലെ പ്രധാന പാതയായ വടക്കുംമുറി റോഡ് കൂരാകൂരിട്ടിലായി. ഈ പരിസരത്തെ കടകളുടെ വെളിച്ചമാണ് ഒരു പരിധിവരെ ഇതുവഴി യാത്രചെയ്യുന്നവക്ക് വഴികാട്ടിയാകുന്നത്. നാലുവരി പാതയിൽ നിന്ന് തൊടുപുഴ ടൗണിലേക്കുള്ള വടക്കുംമുറി റോഡിലെ തെരുവിളക്കുകൾ കത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏഴുമണിക്ക് ശേഷം ഇതുവഴി കാൽനടയാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചാൽ കുഴയും. പൊതുവഴിയിലൂടെ ടോർച്ചിന്റെയോമൊബൈൽ ലൈറ്റിന്റെയോ സഹായത്തോടെ മാത്രമേ യാത്ര സാദ്ധ്യമാകൂ. മങ്ങാട്ടുകവലയക്ക് ഉൾപ്പെടെ പോകാനായി വാഹനയാത്രികർ ഉപയോഗിക്കുന്ന റൂട്ടിലെ സ്ഥിതിയാണിത്. തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനായി ഉപയോഗിക്കുന്ന എളുപ്പവഴിയാണിത്. കൂടാതെ നഗരമദ്ധ്യത്തിലേക്ക് പ്രവേശിക്കാനും ഇത് ഉപയോഗിക്കും. അതിനാൽ തന്നെ നിത്യേന അനവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴിപായുന്നത്. ഇരുട്ടത് കാൽ നടയാത്രികരെ കാണാൻ പോലും സാധിക്കാത്തത്ര ഇരുട്ടാണ്. റോഡിന്റെ വശങ്ങളിലായി സ്ഥിതി ചെയ്യുന്ന കച്ചവടസ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമോ സമീപത്തെ ഗ്രഹങ്ങളിലെ വെളിച്ചമാണ് ഇതു വഴി യാത്രചെയ്യുന്നവരുടെ ആകെയുള്ള ആശ്രയം. ഏഴു മണിക്ക് ശേഷം ഇതുവഴി യാത്രചെയ്യുന്നവരുടെ എണ്ണം പൊതുവേ കുറവാണ്. പക്ഷേ, ജോലി കഴിഞ്ഞ് ഇത് വഴി മടങ്ങുന്ന സ്ത്രീകളടക്കമുള്ളവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. എട്ടു മണിക്ക് ശേഷം ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ടോർച്ചിന്റെയോ മൊബൈൽ വെളിച്ചമോ ഇല്ലാതെ സഞ്ചരിക്കുക വളരെ പ്രയാസകരമാണ്. അതിനാൽ തന്നെ ഇഴജന്തു ശല്യമുൾപ്പെടെയുള്ളവ ഇതുവഴി യാത്രചെയ്യുന്നവരുടെ പേടിസ്വപ്നമാണ്. ഇത് ഈ ഒരു ഇടത്തെ മാത്രം പ്രശ്നമല്ല. നഗരത്തിലെ പല ഇടങ്ങളും ഇങ്ങനെ തന്നെയാണ്.
മുല്ലക്കൽ ജംഗ്ഷനിൽ
വെളിച്ചമില്ല
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ മുല്ലക്കൽ ജംഗ്ഷനിലൂടെ യാത്രചെയ്യുന്നവരും സമാന സാഹചര്യമാണ് തരണം ചെയ്യുന്നത്. തെരുവിളക്കുകൾ പ്രകാശിക്കാത്തതുമൂലം ഇരുചക്രവാഹനയാത്രികരുൾപ്പെടെ ഇതിലൂടെ കടന്നുപോകാൻ പെടാപ്പാടുപെടുകയാണ്. ഇത് ഇവിടുത്തെ അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിലെ പ്രധാന കാരണവുമാകുന്നു. എത്രയും പെട്ടെന്ന് തെരുവിളക്കുകളുടെ അറ്റകുറ്റപണി ചെയ്യാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.