
കുമളി: കുമളിയിൽ പുലികൾ വിലസുമ്പോൾ ചക്കുപള്ളം വലിയ പാറയിൽ കടുവയാണ് വില്ലൻ. കുമളി അട്ടപ്പള്ളം ആനക്കുഴി മങ്ങാട്ട്താഴത്ത്
ചാക്കോയുടെ വീടിന് പിന്നിലാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ പുലിയെത്തിയത്. വിറക് കീറുകയായിരുന്ന ആനക്കുഴി സ്വദേശി ശേഖറിന്റെ മുന്നിൽ പത്ത് അടിയോളം ദൂരത്തിലാണ് പുലിയെത്തിയത്. പതുങ്ങി നിന്ന പുലിയെ കണ്ടശേഖർ ഭയന്ന് നിൽക്കവേ പുലി സമീപത്തേ ഏലത്തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. ഇവിടെ വീട്ടുകാരുടെ പട്ടിയെ ലക്ഷ്യമിട്ടാണ് പുലിയെത്തിയതെന്ന് സംശയിക്കുന്നു.
പട്ടികൾ കൂടിനുള്ളിലായിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുൻപും ഈമേഖലയിൽ പുലിയെ കണ്ടിരുന്നു.കേരള തമിഴ്നാട് അതിർത്തിയിലെ ജനവാസമേഖലയായ ചക്കുപള്ളം വലിയപാറയിൽ എത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാട്ടുപന്നിയെ ഇന്നലെ വേട്ടയാടിയിട്ടുണ്ട്. കാൽപ്പാടുകൾ കടുവയുടേയും കുഞ്ഞുങ്ങളുടേതാണെന്നും സംശയിക്കുന്നതായും തമിഴ്നാടും കേരളവും ക്യാമറകൾ സ്ഥാപിക്കുമെന്നും കുമളി റേഞ്ചേഫീസർ അനിൽകുമാർ പറഞ്ഞു. അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഭാഗികമായി ഭക്ഷിച്ച മ്ലാവിന്റെ ശരീരാവശിഷ്ടവും വന്യജീവിയുടെ ദകാൽപ്പാടുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് കടുവയുടെ സാന്നിദ്ധ്യം ഈമേഖലയിൽ സംശയിക്കുന്നത്. മൃഗാവശിഷ്ടം പൂർണമായി ഭക്ഷിച്ചശേഷം കടുവ ഇവിടേയ്ക്ക് വരാനുള്ള സാദ്ധ്യതയില്ലെന്നും മനുഷ്യരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനാൽ കടുവ ശേഷിച്ച മൃഗാവശിഷ്ടം ഉപേക്ഷിച്ച് കാടുകയറാനാണ് സാദ്ധ്യതയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.