മൂന്നാർ: ചരിത്രനിമിഷത്തിന് സാക്ഷ്യംകുറിച്ച് മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഓളപ്പരപ്പിൽ മുത്തമിട്ട് സീപ്ലെയിൻ. ജില്ലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനമിറങ്ങുന്നത്. രാവിലെ 10.30ന് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് പറന്നുയർന്ന ഡി.എച്ച് കാനഡ ജലവിമാനം 10.57ന് മാട്ടുപ്പെട്ടി ഡാമിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന എയ്‌റോഡ്രോമിൽ ഇറങ്ങി. ഒന്ന് രണ്ട് വട്ടം ആകാശത്തിൽ വട്ടമിട്ട് പറന്ന ശേഷം തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ജലാശയത്തിൽ തൊട്ടത്. മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി എന്നിവർ ചേർന്ന് വിമാനത്തെ സ്വീകരിച്ചു. അരമണിക്കൂറിലേറെ നേരം ഡാമിൽ തങ്ങിയ വിമാനം മന്ത്രി റോഷി അഗസ്റ്റിനുമായി കൊച്ചിയ്ക്ക് മടങ്ങി. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹ്രസ്വദൂര സർവീസുകൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലായിരുന്നു ഇത്. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ 30 മിനുട്ട് മാത്രംമതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ഇരട്ട എഞ്ചിനുള്ള 19 സീറ്റർ ആംഫീബിയൻ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. എല്ലാ കാലത്തും വെള്ളമുള്ള മൂന്ന് കിലോമീറ്ററോളം വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേതെന്നതാണ് വലിയ പ്രത്യേകത. സീപ്ലെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മാട്ടുപ്പെട്ടി ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോൺ പറത്തുന്നത് നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയിരുന്നു. കൂടാതെ, സീപ്ലെയിനിന്റെ പരീക്ഷണ പറക്കൽ പൂർത്തിയാക്കുന്നതുവരെ മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ബോൾഗാട്ടിയിലെ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായി ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ, ടൂറിസം അഡീഷണൽ ഡയറക്ടർ പി. വിഷ്ണു രാജ്, എറണാകുളം ഡി.ഡി.സി അശ്വതി ശ്രീനിവാസ്, സിയാൽ ഡയറക്ടർ മനു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അശ്വനി പി. കുമാർ, എറണാകുളം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിരാന്ദ എന്നിവരടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്‌ഗോമറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സൈദ് കംറാൻ ഹുസൈൻ, മോഹൻ സിംഗ് എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ. സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തിയത്. ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡൽ ടൂറിസം ജീവനക്കാരും മാദ്ധ്യമപ്രവർത്തകരും മാത്രമാണ് ഡാമിലുണ്ടായത്.

വിമാനത്തിന് സ്വീകരണം നൽകിയ ശേഷം മാട്ടുപ്പെട്ടി ഡാം പരിസരത്ത് ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. അഡ്വ. എ. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി. എം.എം. മണി എം.എൽ.എ, ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ,​ ഡാം സേഫ്‌റ്റി ചീഫ് എൻജിനിയർ എസ്. നന്ദകുമാർ എന്നിവർ പങ്കെടുത്തു.

ടൂറിസം പ്രതീക്ഷ മാനംമുട്ടേ
ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിൻ നൽകുന്നത്. റോഡ് മാർഗമല്ലാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയതോതിൽ ആകർഷിക്കുമെന്നതിൽ സംശയമില്ല. യാത്രാ ക്ലേശം മറികടന്ന് അനായാസം ഇടുക്കിയിൽ എത്താൻ കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. വിനോദ സഞ്ചാര മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിനുതന്നെ ഇത് വഴിയൊരുക്കും എന്നതിൽ സംശയമില്ല. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

'മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സീപ്ലെയിനുകൾ ഇറക്കണം"

-എം.എം. മണി

'ജില്ലയുടെ വിനോദ സഞ്ചാര സംവിധാനത്തെ ശക്തിപ്പെടുത്താൻ സീ പ്ലെയിൻ പോലുള്ള നവപരീക്ഷണങ്ങൾ സാർത്ഥകമാവും. സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കും"

- മന്ത്രി റോഷി അഗസ്റ്റിൻ

കരയിലും വെള്ളത്തിലും സൂപ്പർ സ്റ്റാർ

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വിമാനത്തിൽ വലിയ ജന്നാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.