pic
പുളിയൻമലയിലെ മാലിന്യ സംസ്കരണ ശാലയിലേക്ക് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ മാർച്ച്

കട്ടപ്പന :പുളിയൻമലയിലെ മാലിന്യ സംസ്‌കരണശാലയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്ത നഗരസഭയുടെ നടപടിക്കെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംസ്‌കരണ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.സി.പി.എം ഏരിയ സെക്രട്ടറി വി.ആർ സജി ഉദ്ഘാടനം ചെയ്തു.അഞ്ചുവർഷത്തിലേറെയായി ഇവിടെ മാലിന്യം കെട്ടിക്കിടക്കുന്നു. മഴക്കാലത്ത് അവശിഷ്ടങ്ങൾ ഉൾപ്പെടെ സമീപത്തെ പുരയിടങ്ങളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുകയാണ്. മാലിന്യസംസ്‌കരണ കേന്ദ്രത്തോടുചേർന്നാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. ഇവ രണ്ടും ഒരുസ്ഥലത്ത് പാടില്ലെന്ന് ഓഡിറ്റ് ഒബ്ജക്ഷൻ നിലവിലുണ്ട്. കൗൺസിൽ യോഗങ്ങളിൽ എൽഡിഎഫ് കൗൺസിലർമാർ പലതവണ ആവശ്യം ഉന്നയിച്ചിരുന്നു. മൂന്നുമാസം മുമ്പ് മാലിന്യം നീക്കാൻ നഗരസഭ കരാർ നൽകിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ നഗരസഭ ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.മുൻ നഗരസഭ കൗൺസിലർ എം.സി ബിജു അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ വി.ആർ ശശി, അഡ്വ. മനോജ് എം തോമസ്, എസ്.എസ് പാൽരാജ്, എൻ രാജേന്ദ്രൻ, കെ എൻ കുമാരൻ, ടെസിൻ കളപ്പുര തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ നാട്ടുകാർ ഉൾപ്പെടെ നിരവധിപേർ അണിനിരന്നു