തൊടുപുഴ: വാഹനമിടിച്ച് അവശനിലയിലായ തെരുവ് നായയ്ക്ക് പുതുജീവനേകി ജില്ലാ അനിമൽ റെസ്ക്യൂ അംഗങ്ങൾ. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കുമാരമംഗലം സ്കൂളിന് സമീപം തെരുവ് നായയെ വാഹനമിടിച്ചിട്ട് നിറുത്താതെ പോയത്. നായയുടെ തലയിൽ വണ്ടി ഇടിച്ചതിനെ തുടർന്ന് ഒരു കണ്ണ് പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. അതുവഴി വന്ന ന്യൂസ് ഫോട്ടോഗ്രാഫറായ എയ്ഞ്ചൽ അടിമാലി ജില്ലാ അനിമൽ റെസ്ക്യൂ അംഗങ്ങളായ മഞ്ജുവിനെയും കീർത്തീദാസിനെയും വിവരം അറിയിക്കുകയായിരുന്നു. അവരെത്തുന്നതുവരെ നായയുടെ ജീവനായി വെള്ളം ഉൾപ്പെടെ നൽകി. കണ്ണിന് പരിക്കേറ്റ നായയെ ഉടൻ തന്നെ അവർ മണക്കാടുള്ള സ്വകാര്യ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ചെയ്തു.