
തൊടുപുഴ: ചോദ്യം ചോദിച്ചതിന് 24 ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊടുപുഴയിൽ പ്രസ് ക്ലബിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വിൽസൺ കളരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്യക്ഷനായി. മാദ്ധ്യമങ്ങൾക്കെതിരെ സുരേഷ് ഗോപിയുടെ തുടർച്ചയായുള്ള നിഷേധ നിലപാട് പ്രതിഷേധാർഹമാണ്. ചോദ്യം ചോദിച്ചതിന് റിപ്പോർട്ടറെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നത് മാദ്ധ്യമസ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രമന്ത്രി നിലപാട് തിരുത്തി മാപ്പ് പറയാൻ തയ്യാറാവണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പി.കെ.എ ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.വി. നന്ദു, മുൻ പ്രസിഡന്റുമാരായ ഹാരിസ് മുഹമ്മദ്, അഷ്‌റഫ് വട്ടപ്പാറ, എം.എൻ. സുരേഷ് എന്നിവർ സംസാരിച്ചു.