തൊടുപുഴ: കാർഷിക മേഖലയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച കേരള അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്സ്) രജത ജൂബിലി നിറവിൽ. 2001ൽ പ്രവർത്തനം ആരംഭിച്ച ഈ കർഷക കൂട്ടായ്മ 25-ാം വയസിലേക്ക് കടക്കുമ്പോൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് വൈകിട്ട് മൂന്നിന് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കർഷക ഓപ്പൺ മാർക്കറ്റിലാണ് രജത ജൂബിലിയുടെ ഭാഗമായിട്ടുള്ള ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. 2001ൽ കാഡ്സിന്റെ ഉദ്ഘാടന വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾ എല്ലാവരെയും അണിനിരത്തിയാണ് ജൂബിലി ആഘോഷ വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരിയായിരുന്ന പി.കെ. കൃഷ്ണൻ നായരുടെ ഛായാചിത്രം ഫ്രാൻസിസ് ജോർജ് എം.പി അനാച്ഛാദനം ചെയ്യും. മികച്ച കർഷകരെയും ബാലകർഷകരെയും കാഡ്സിന്റെ അണിയറ പ്രവർത്തകരെയും എം.പി ആദരിക്കും. അഡ്വ. വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തും. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മുൻസിപ്പൽ ചെയർമാൻ എം.പി ഷൗക്കത്തലി, പ്രൊഫ. എം.ജെ. ജേക്കബ്, പ്രൊഫ. ജോസഫ് അഗസ്റ്റിൻ, അഡ്വ. ജോസഫ് ജോൺ, ലീലാമ്മ ജോസ്, തോമസ് മാത്യു, അഡ്വ. ബാബു പരമേശ്വരൻ, സുമതി നാരായണൻ നായർ, പി.എം. മാനുവൽ, എം.എസ്. നാരായണൻ നായർ എന്നിവർ ആശംസകൾ നേരും. എൻ.ജെ. മാമച്ചൻ സ്വാഗതവും എം.ഡി ഗോപിനാഥൻ നായർ നന്ദിയും പറയും. അഞ്ചു മണി മുതൽ സ്‌നേഹവിരുന്നും പങ്കെടുക്കുന്നവർക്കെല്ലാം സ്‌നേഹസമ്മാന വിതരണവും നടക്കും. ആറു മണി മുതൽ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൃത്തോത്സവവും ഗാനമേളയും നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ജി. ആന്റണി, ട്രഷറർ സജി മാത്യു, ജോ. സെക്രട്ടറി എൻ.ജെ. മാമച്ചൻ, ഡയറക്ടർമാരായ കെ.എം. മത്തച്ചൻ, കെ.എം. ജോസ് എന്നിവർ പങ്കെടുത്തു.