komb
പിടിച്ചെടുത്ത മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ

തൊടുപുഴ: സ്വകാര്യ റിസോർട്ടിൽ നിന്ന് മ്ലാവിന്റെ തലയോട് കൂടിയ പഴക്കം ചെന്ന കൊമ്പും കാട്ടുപോത്തിന്റെ കൊമ്പും വനംവകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറം വീട്ടിൽ അനീഷ് ജോസഫിന്റെ (59) ഉടമസ്ഥതയിലുള്ള തോട്ടുപുറം ഫാംഹൗസിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ റേഞ്ചിന്റെ കീഴിലെ അറക്കുളം സെക്ഷൻ അധികൃതരെത്തിയാണ് കൊമ്പുകൾ പിടിച്ചെടുത്തത്. പഴയൊരു വീട് നവീകരിച്ചാണ് റിസോർട്ടായി പ്രവർത്തിച്ചിരുന്നത്. മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും റിസോർട്ടിന്റെ പടിപ്പുരയിലും കാട്ടുപോത്തിന്റെ കൊമ്പുകൾ ഹാളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. കൊമ്പുകൾ പാരമ്പര്യമായി കൈമാറി വന്നതാണെന്നാണ് അനീഷ് വനംവകുപ്പിനോട് പറഞ്ഞത്. പിടിച്ചെടുത്ത വസ്തുക്കൾ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. തൂക്കവും പഴക്കവും നിശ്ചയിക്കാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ പരിശോധനയ്ക്ക് അയക്കും. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സിജോ സാമുവൽ, ഗ്രേഡ് ഡി.വൈ.ആർ.എഫ്.ഒ സുനിൽ കുമാർ എ.ജി, ബി.എഫ്.ഒമാരായ ബിജു അഗസ്റ്റിൻ, ഷെമിൽ കെ.കെ, അഖിൽ സജീവൻ, അഖിൽ എ.കെ, ഹരിദാസ് , പഞ്ചമി കെ.ബി എന്നിവർ സംഘത്തിലുണ്ടായിരുന്നു.