ചെറുതോണി: എക്‌സൈസ് ഡിവിഷൻ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് ആസ്ഥാന വികസനത്തിന് കരുത്തേകുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു. സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും വികസനത്തിന് നേതൃത്വം നൽകുന്നതിനും ജില്ലാ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നത് ഗുണകരമായ മാറ്റം കൊണ്ടുവരും. ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന അവശേഷിക്കുന്ന ജില്ലാ ഓഫീസുകൾ കൂടി ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി ഭരണ നിർവ്വഹണം കാര്യക്ഷമമാക്കണം.ഇടുക്കി മെഡിക്കൽ കോളജും നഴ്സിംഗ് കോളജും എൻജിനീയറിംഗ് കോളജുമെല്ലാം ജില്ലാ ആസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് വലിയ തോതിൽ പ്രയോജനം ചെയ്തിട്ടുണ്ട്. 18 ഉദ്യോഗസ്ഥരടങ്ങിയ എക്‌സൈസ് ഓഫീസിന്റെ വരവും ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് നിന്നുകൊണ്ട് ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിനും വ്യാജമദ്യത്തെ ചെറുക്കുന്നതിനും സഹായകരമാകും. ഓഫീസ് മാറ്റത്തിന് നടപടിയെടുത്ത എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനെയും നിരന്തര പരിശ്രമത്തിലൂടെ ഓഫീസ് മാറ്റം യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നതായും സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു.