തൊടുപുഴ: ദയ ചാരിറ്റബിൾ ആന്റ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെയും വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണലിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ കോലാനിയിൽ ആരംഭിക്കുന്ന ദയ- തണൽ ഡയാലിസിസ് ആന്റ് ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം തണൽ ചെയർമാൻ ഡോ. വി. ഇദ്രിസ് ഉദ്ഘാടനം ചെയ്യും. ദയ ചാരിറ്റബിൾ ആന്റ് എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. ഇ.എസ്. മൂസ അദ്ധ്യക്ഷത വഹിക്കും. അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് നെച്ചിക്കാട്ടിൽ, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ എന്നിവർ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സബീന ബിഞ്ചു, കൗൺസിലർ കവിത വേണു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജി, വി.എച്ച്. അലിയാർ ഖാസിമി, ടൗൺ മസ്ജിദ് ഇമാം ഇംദാദുള്ള മൗലവി, കോലാനി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഭാസ്‌കരൻ നായർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ എന്നിവർ പ്രസംഗിക്കും. ഡയാലിസിസ് സെന്റർ, പ്രൈസ് ലസ് ഫാർമസി, പാലിയേറ്റീവ് ഒ.പി, ഭിന്നശേഷി പരിചരണം, കൗൺസിലിംഗ് സെന്റർ, ഷെൽട്ടർ ഹോം, ഫിസിയോ തെറാപ്പി സെന്റർ, ഏർലി ഇന്റർവെൻഷൻ സെന്റർ, ആംബുലൻസ് സർവീസ്, ഇന്റഗ്രേറ്റഡ് എഡ്യുക്കേഷൻ ആന്റ് ഗൈഡൻസ് സെന്റർ എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇ.എസ്. മൂസ, സുനീർ എബ്രഹാം, പി.പി. കാസിം, പി.പി. മുഹമ്മദ് ഹനീഫ, ടി.എം. ശശി എന്നിവർ പങ്കെടുത്തു.