mala
​​​​​​​മുദ്രമാല

കട്ടപ്പന: വൃഛികം ഒന്നിന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ തീർത്ഥാടനത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ വിപണി സജീവമാകുന്നു. വിവിധതരം മുദ്രമാലകളും കെട്ടുമുറുക്കിന് ആവശ്യമായ വിവിധ സാധനസാമഗ്രികളും വിപണിയിലെത്തി. ഇക്കുറി പതിവിലും നേരത്തെ തന്നെ ശബരിമല തീർത്ഥാടകർക്കായുള്ള ഉത്പന്നങ്ങളാൽ വിപണി സജീവമായിരിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി ഹൈറേഞ്ചിലെ വിപണികളിൽ തിരക്കേറിയിട്ടുണ്ട്.

ശബരിമല തീർത്ഥാടനത്തിന് പ്രധാന്യം കുറിക്കുന്നത് മുദ്രമാല ധരിക്കുന്നതോടെയാണ്. മാല ധരിക്കുന്നതിന് ചില ചിട്ടവട്ടങ്ങളും ആചാരങ്ങളും ഉണ്ട്. ക്ഷേത്ര സന്നിധിയിലാണ് ഭൂരിഭാഗം തീർത്ഥാടകരും മുദ്രമാല ധരിക്കുന്നത്. പലതരം മാലകൾ ഉണ്ടെങ്കിലും രുദ്രാക്ഷമാലയും തുളസി മാലയുമാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുക.

30 മുതൽ 150 രൂപ വരെയാണ് മുദ്രമാലകളുടെ വില. ഇതിൽ രുദ്രാക്ഷമാലകൾ പല വിലയിലുണ്ട്. 108 രുദ്രാക്ഷം കോർത്ത് വലിയ മാലകളും വിപണി കൈയടക്കി കഴിഞ്ഞു. 250 മുതൽ 350 വരെയാണ് ഇതിന് വില വരുന്നത്. ചില ഭക്തർ ഇത് സ്വയം ധരിക്കാനും വിഗ്രഹത്തിൽ ചാർത്താനും ഒക്കെയായിട്ടാണ് വാങ്ങുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില വസ്തുക്കൾക്ക് വില വർദ്ധിക്കുകയും ചില വസ്തുക്കൾക്ക് വില കുറയുകയും ചെയ്തിട്ടുണ്ട്.

=30 മുതൽ 150 രൂപ വരെയാണ് മുദ്രമാലകളുടെ വില

ആവശ്യമായ സാധനസാമഗ്രികൾ

നെയ്യ്, തേങ്ങ, അവൽ, മലർ, കൽക്കണ്ടം, മുന്തിരി, മഞ്ഞപ്പൊടി, ഭസ്മം, ചരട്, കോർക്ക്, കർപ്പൂരം, കളഭകട്ട, തിരിനൂൽ, പനിനീര്, സാമ്പ്രാണിത്തിരി, പപ്പടം, പായ, ശർക്കര, കറുപ്പ് കച്ച, തോൾസഞ്ചി, ഇരുമുടി, പൊടിസഞ്ചി, വിളക്കെണ്ണ, വറപൊടി, വെറ്റില, പാക്ക്, മുണ്ട്, തോർത്ത്, ഉണക്കലരി, അയ്യപ്പ ഫോട്ടോ, പുഷ്പങ്ങൾ, കലശനൂൽ, തുടങ്ങി നാൽപ്പതോളം വസ്തുക്കളാണ് വിപണിയിലുള്ളത്. അതിൽ മുദ്ര മാലകളും അയ്യപ്പന്റെ ചിത്രവും വ്യാപാര സ്ഥാപനങ്ങളിൽ മണ്ഡലകാലത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് നിരന്നു കഴിഞ്ഞു.