
അടിമാലി: അണക്കെട്ടുകളിൽ നിന്നും പുഴകളിൽ നിന്നും മണലും ചെളിയും നീക്കാനുള്ള സർക്കാർ പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായി. പദ്ധതി ആരംഭിച്ചിരുന്നെങ്കിൽ ഡാമുകളുടെയും പുഴകളുടെയും സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം മണൽ വിറ്റഴിക്കുന്നതിലൂടെ വലിയൊരു തുക സർക്കാർ ഖജനാവിലേക്കെത്താനും സഹായകരമാകും. 2018ലെ പ്രളയകാലത്തുൾപ്പെടെ അണക്കെട്ടുകളിലേക്കും പുഴകളിലേക്കുമൊക്കെ വലിയ തോതിൽ ചെളിയും മണലും വന്നടിഞ്ഞിട്ടുണ്ട്. ചെറുകിട അണക്കെട്ടുകളുടെ സംഭരണശേഷിയെയും ഇത് പ്രതികൂലമായി ബാധിച്ചു. ചെറിയ മഴ പെയ്യുമ്പോൾ തന്നെ ചെറുകിട അണക്കെട്ടുകൾ തുറക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് മണലും ചെളിയും നീക്കി അണക്കെട്ടുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. അണക്കെട്ടുകൾക്ക് പുറമെ പുഴകളിലും വലിയ തോതിൽ മണ്ണും ചെളിയുമടിഞ്ഞിട്ടുണ്ട്. ചെറിയ മഴ പെയ്താൽ പോലും ഹൈറേഞ്ചിലെ പല പുഴകളും കരകവിയുന്ന സ്ഥിതിയാണുള്ളത്. ഇത് പലപ്പോഴും അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടാക്കുന്നു. കൈത്തോടുകളുടെയും പുഴകളുടെയും തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പ്രഖ്യാപനം പലതവണ
2010ൽ വി.എസ്. സർക്കാരിന്റെ കാലത്താണ് ആദ്യമായി ഡാമുകളിലെയും പുഴകളിലെയും മണലും ചെളിയും വാരാനുള്ള പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. 2020 ബഡ്ജറ്റിലും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തി. തുടർന്ന് ചില ഡാമുകളിൽ നിന്ന് മണൽ നീക്കൽ ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. ഇറിഗേഷൻ വകുപ്പിന്റെ ഡാമുകൾക്ക് പുറമേ, കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ മണലും ചെളിയും നീക്കം ചെയ്യാൻ നേരത്തെ പദ്ധതി തയ്യാറാക്കിയെങ്കിലും വനം നിയമത്തിന്റെ കുരുക്കിൽ പെട്ടതിനാൽ പദ്ധതി മുടങ്ങി. ദുരന്ത നിവാരണനിയമ പ്രകാരം നദികളിലെയും ഡാമുകളിലെയും മണൽ നീക്കം ചെയ്യാൻ കളക്ടർമാർക്ക് അധികാരമുണ്ട്. ഇതു പ്രകാരം നടപടിയെടുക്കാൻ 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. ഇതിനൊക്കെ പരിഹാരമായി പഴയ പദ്ധതി തന്നെ മാറ്റം വരുത്തി അവതരിപ്പിക്കാൻ രണ്ടാം പിണറായി സർക്കാർ ശ്രമിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തിയെങ്കിലും പ്രാവർത്തികമായില്ല.
ഉടക്കിട്ട് ക്വാറികൾ
മണൽ വാരൽ പദ്ധതി ആരംഭിക്കാത്തതിന് പിന്നിൽ പാറമടലോബിയാണെന്ന വാദം ശക്തമാണ്. പുഴ മണലെടുപ്പ് കുറയുന്നതോടെ പശ്ചിമഘട്ടങ്ങളിലെ മലനിരകൾ നശിപ്പിക്കപ്പെടുന്നത് വർദ്ധിക്കുകയും അതുമൂലം ഉരുൾപൊട്ടൽ ഭീഷണി കൂടുകയുമാണ്. പുഴ മണലിന് പകരം പാറ പൊടിച്ചു ഉണ്ടാക്കുന്ന എം സാൻഡ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഇത് മൂലം പശ്ചിമഘട്ടങ്ങളിലെ പലനിരകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ലൈസൻസ് ഉള്ളവയും ഇല്ലാത്തവയുമായി നൂറുകണക്കിന് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ലൈസൻസ് ഉള്ളവ തന്നെ അനുവദിക്കപ്പെട്ടതിനേക്കാൾ പലമടങ്ങ് ഖനനം നടത്തുന്നു. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ക്വാറികളുമായി നേരിട്ടും അല്ലാതെയും ഉള്ള ബന്ധം കാരണം നടപടികളും എങ്ങുമെത്താറില്ല.