അടിമാലി: അടിമാലി താലൂക്കാശുപത്രിയിയിൽ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ച് സ്ത്രീകളുടെ വാർഡ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തം. ദിവസവും നൂറുകണക്കിന് പേർ ചികിത്സ തേടിയെത്തുന്ന അടിമാലി താലൂക്ക് ആശുപത്രിയുടെ ക്യാഷ്വാലിറ്റി ബ്ലോക്കിന് മുകൾ നിലയിലാണ് സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്നത്. ഇരുപതോളം കിടക്കകളാണ് ഈ വാർഡിൽ ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഈ കിടക്കകളിൽ ഉൾക്കൊള്ളാവുന്നതിലുമധികം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. ആശുപത്രിയിൽ ചികിത്സ തേടി നിരവധി സ്ത്രീകൾ എത്തുന്ന സാഹചര്യത്തിലാണ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്. ആദിവാസി ഇടങ്ങളിൽ നിന്നുൾപ്പെടെയുള്ള ആളുകളുടെ ആശ്രയ കേന്ദ്രമാണ് ഈ ചികിത്സാലയം. ബെഡുകളുടെ കുറവും രോഗികളുടെ ബാഹുല്യവും ആളുകൾക്കും ഡോക്ടർമാർക്കും പ്രായോഗിക ബുദ്ധിമുട്ടുകൾ സമ്മാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ വാർഡ് വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്. ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ മുകൾ നിലകൾക്ക് അഗ്നിശമന സേനയുടെ പ്രവർത്തനാനുമതി ലഭിക്കുന്ന മുറയ്ക്ക് സ്ത്രീകളുടെ വാർഡിന്റെ നവീകരണത്തിന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.