തൊടുപുഴ: ജനങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളിൽ എപ്പോഴും ഓർക്കുന്ന ഒരു നമ്പറുണ്ട് 101. ഓരോ വിളികളുടെയും പിന്നിലും അർപ്പിക്കുന്ന വിശ്വാസമുണ്ട് എപ്പോഴും അരികിലുണ്ട് അഗ്നിരക്ഷാസേനയെന്ന്. അതിന് ഒരു മാറ്റവും വരുത്താതെ വിളിപ്പാടകലെ ദൈവത്തിന്റെ കരങ്ങളായി പ്രവർത്തിക്കുന്ന സമൂഹമാണ് അഗ്നിരക്ഷാസേന. കേരളകൗമുദിയും ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് തൊടുപുഴ യൂണിറ്റും മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കന്ററി സ്കൂളിലെ സൗഹൃദ ക്ലബ് എൻ.എസ്.എസും സ്കൗട്ട്സ് ആന്റ് ഗൈഡ്സും സംയുക്തമായി അഗ്നിസുരക്ഷ ബോധവ‌ത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭയപ്പെടാതെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും യുക്തിപരമായി പെരുമാറാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിറുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഏതൊരു ഘട്ടത്തിലും ഇത്തരം ക്ലാസുകൾ ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. തീപ‌ടർന്നാൽ എന്തൊക്കെ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തണമെന്ന വിഷയത്തിൽ അദ്ദേഹം ക്ലാസും നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ മാത്യു ഇടത്തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പാചക വാതകം ഉപയോഗിക്കുമ്പോഴും അതിൽ നിന്നുണ്ടാകുന്ന അപകടങ്ങളുടെ സമയത്ത് പാലിക്കേണ്ട സുരക്ഷ മുന്നൊരുക്കങ്ങളെ പറ്റിയും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബിബിൻ എ. തങ്കപ്പനും സി.പി.ആർ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ഫയർ ഓഫീസർ അജയകുമാറും ക്ളാസുകൾ നയിച്ചു. അദ്ധ്യാപകരായ ടിസി കെ. ജോർജ്,​ സീന എം.സി,​ ജിജി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ അൽന ലിനോജ് സ്വാഗതവും എൽബ മരിയ ബൈജു നന്ദിയും പറഞ്ഞു.

'ഇത്തരം ബോധവത്കരണ ക്ലാസുകളുടെ ഗുണം ജീവിതത്തിൽ പ്രാവർത്തികമാക്കിയവർ നിരവധിയുണ്ട്. സ്വയരക്ഷയ്ക്ക് മാത്രമല്ല,​ മറ്റുള്ളവരുടെ ജീവിതം രക്ഷിക്കാനും ഇത്തരം ക്ലാസുകൾ പ്രയോജനകരമാകുമെന്നത് തീർച്ചയാണ്'

-ബിനു സെബാസ്റ്റ്യൻ,​ അസി. സ്റ്റേഷൻ ഓഫീസർ