ഇടുക്കി: ഏലയ്ക്ക് വില ഉയരുമ്പോൾ കർഷകരുടെ ഉറക്കം കെടുത്തി കള്ളന്മാരും ഒച്ചും. ഏലച്ചെടികളും വിളവും നശിപ്പിക്കുകയാണ് ഒച്ചുകൾ ചെയ്യുന്നതെങ്കിൽ രാത്രികാലത്ത് ആരുമറിയാതെ പച്ച ഏലയ്ക്ക മോഷ്ടിക്കുകയാണ് കള്ളന്മാർ. ഏലത്തിന്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കുകയാണ്. ഇതോടെ മരത്തിൽ കായ പിടിക്കാതെയാകും. ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനിയും തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. രാത്രിയിലാണ് ഒച്ച് ശല്യം ഏറുക. രാവിലെ തൊഴിലാളികൾ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകൾ പൂവ് നശിപ്പിച്ചിരിക്കും. ഏലക്കാടുകളിൽ എത്തുന്ന മുള്ളൻപന്നി എലച്ചെടികൾ കടിച്ചു മുറിക്കുന്നതിന് പുറമെയാണ് ഒച്ച് ശല്യവും. കൂട്ടിന് കാട്ടുപന്നിയും കുരങ്ങും കൃഷി നശിപ്പിക്കാനുണ്ട്. കാലവർഷ കെടുതിക്ക് പിന്നാലെ ഒരു വിധം അതിജീവിക്കാൻ പരിശ്രമം നടത്തുന്ന ഏലം കർഷകർക്ക് വന്യമൃഗങ്ങൾക്ക് പിന്നാലെയുള്ള ഒച്ച് ശല്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനിടെയാണ് ഏലത്തിന്റെ പ്രധാന ഉത്പാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട് മേഖലകളിലെല്ലാം മോഷണം പതിവാകുന്നത്. പാകമായവ മാത്രം കൃത്യമായി വിളവെടുക്കുന്നതാണ് ഇപ്പോഴത്തെ മോഷ്ടാക്കളുടെ രീതിയെന്ന് കർഷകർ പറയുന്നു. കൃത്യമായ തൂക്കമോ തെളിവുകളുമില്ലാതെ ആരോടു പരാതി പറയുമെന്നും കർഷകർക്കറിയില്ല. വിളവെടുത്ത ശേഷം ശേഖരിക്കുന്ന ഏലയ്ക്കയും കർഷകരുടെ കണ്ണു വെട്ടിച്ചു മോഷ്ടാക്കൾ കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മാവടിയിൽ നിന്നു രണ്ട് ചാക്ക് ഏലയ്ക്കയാണു മോഷ്ടാക്കൾ അപഹരിച്ചത്. വാൽപാറ എസ്റ്റേറ്റിൽ നിന്ന് വിളവെടുത്ത ഏലയ്ക്ക ചാക്കുകളിലാക്കിയ ശേഷം വാഹനത്തിൽ കൊണ്ടുപോകുന്നതിനായി റോഡരികിൽ വച്ചിരുന്നു. എന്നാൽ റോഡരികിൽ വച്ചിരുന്ന ഏലയ്ക്ക എടുക്കാതെ തോട്ടത്തിനുള്ളിൽ വച്ചിരുന്ന രണ്ട് ചാക്ക് ഏലയ്ക്കയാണ് മോഷ്ടാക്കൾ കടത്തിയത്.

ഈ സമയം തൊഴിലാളികളും സൂപ്പർവൈസർമാരും വിളവെടുക്കുന്ന സ്ഥലത്തായിരുന്നതിനാൽ മേഖലയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാകാം മോഷണത്തിനു പിന്നിലെന്നാണു നിഗമനം. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം പതിവായതോടെ വ്യാപാരികളും ജാഗ്രതയിലാണ്. ഏലയ്ക്ക വിൽക്കാൻ എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ചാണ് ഇപ്പോഴത്തെ വ്യാപാരം.

വില ₹3000

ഏലയ്ക്ക വില പടിപടിയായി ഉയർന്ന് കിലോയ്ക്ക് 3000 രൂപയിലേക്ക് അടുക്കുകയാണ്. പുറ്റടി സ്പൈസസ് പാർക്കിൽ ഇന്നലെ സുഗന്ധഗിരി സ്പൈസസ് പ്രൊമോട്ടേഴ്സ് ആന്റ് ട്രേഡേഴ്സ് നടത്തിയ ഇ- ലേലത്തിൽ ശരാശരി വില 2738.92 ലഭിച്ചു. പരമാവധി വില 3104.00 രൂപയിലെത്തി. 226 ലോട്ടുകളിലായി പതിഞ്ഞ 56471.4 കിലോ ഏലക്കയിൽ 55882.6 കിലോയും വിറ്റുപോയി. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2600നും 2700നുമിടയിൽ വില ലഭിക്കുന്നുണ്ട്‌.

'ഒച്ചു ശല്യം കാരണം കൃഷി ഉപേക്ഷക്കേണ്ട സ്ഥിതിയാണ്. ഇവയെ തുരത്താതെ എത്ര രൂപ ഏലക്കയ്ക്ക് വർദ്ധിച്ചിട്ടും കാര്യമില്ല. വരൾച്ചയെ തുടർന്ന് ഉത്പാദനം തീരെ കുറവാണ്. ഇതിനിടെയാണ് ഇത്തരം ശല്യങ്ങൾ. അധികൃതർ ഇടപെട്ടില്ലെങ്കിൽ കർഷകരുടെ അവസ്ഥ മോഷമാകും"

-വിജയൻ കമ്പംമെട്ട്, കർഷകൻ