തൊടുപുഴ: കോലാനിയിൽ ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രിക ജി എസ് ടി. വകുപ്പിലെ ജീവനക്കാരിയായ പുറപ്പുഴ കെ.കെ. മഠത്തിൽ കെ.എസ് ഗീതു, ബൈക്ക് യാത്രക്കാരായ കാഞ്ഞിരമറ്റം സ്വദേശി മാങ്കൂട്ടത്തിൽ ആരോമൽ (18)​, മങ്ങാട്ടുകവല സ്വദേശി കാക്കനാട്ട് വീട്ടിൽ ആബേൽ ടോണി എന്നിവർക്കുമാണ് പരിക്കേറ്റത്. ഗീതു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോലാനി പാലത്തിന് സമീപമാണ് അപകടം നടന്നത്. തൊടുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും പരിക്കേറ്റ എല്ലാവരെയും സേനയുടെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു.