തൊടുപുഴ: സി.പി.എം ജില്ലാ സമ്മേളനം ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിൽ തൊടുപുഴയിൽ നടക്കും. ജില്ലയിലെ 2072 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. 158 ലോക്കൽ കമ്മിറ്റികളും 15 ഏരിയ കമ്മിറ്റികളുമാണുള്ളത്. മറ്റ് പാർട്ടികൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തവിധം ചിട്ടയായും മാതൃകാപരവുമായാണ് സമ്മേളനങ്ങൾ പുരോഗമിക്കുന്നത്. ഏരിയ സമ്മേളന തീയതി നിശ്ചയിച്ച് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ ഇ.എ.പി ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, എം.എം. മണി എം.എൽ.എ, ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.