
കാഞ്ഞാർ: 40 വർഷം നാടിന്റെ പ്രിയപ്പെട്ട കബീറണ്ണനായി കോർട്ടിൽ നിറഞ്ഞു നിന്ന വോളിബോൾ താരം മണക്കണ്ടതിൽ കബീറിന്റെ വിടവാങ്ങൽ കായിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. കിടിലൻ സ്മാഷുകളുമായി കളം നിറഞ്ഞ് നിന്നിരുന്ന കബീർ ഒരു കാലത്ത് ജില്ലാ, സംസ്ഥാന ടീമുകളിലെ മിന്നും താരമായിരുന്നു. 1982 ലാണ് കബീർ വോളിബോൾ കളി ആരംഭിക്കുന്നത്. അന്ന് കബീറിന്റെ വീടിന് ചുറ്റും ഒരുപാട് വോളിബോൾ കോർട്ടുകൾ ഉണ്ടായിരുന്നു. ചേട്ടന്മാർ കളിക്കുന്നത് കണ്ട് വളർന്ന കബീറും പതിയെ കളിച്ചു തുടങ്ങി. പിന്നീട് വോളിബോൾ ക്യാമ്പുകളിൽ പങ്കെടുത്തത് വഴിത്തിരിവായി. കബീറിന്റെ പ്രതിഭ തിരിച്ചറിഞ്ഞ അഖിലേന്ത്യാ വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.ജി. ഗോപാലകൃഷ്ണൻ പ്രോത്സാഹനം നൽകി. മൂന്നു വർഷം കൊണ്ട് കബീർ ജില്ലാ, സംസ്ഥാന ടീമുകളിൽ ഇടംനേടി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മൈതാനത്ത് നടന്ന ദേശീയ വോളിബോൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു. വിവിധ ക്ലബ്ബുകൾക്ക് വേണ്ടി നാടായ നാടൊക്കെ ഓടി നടന്നു വോളിബോൾ കളിച്ചു, വിജയിച്ചു. അറ്റാക്കിങ്, ഡിഫൻസ്, ജമ്പ് ആൻഡ് സർവീസ് എന്നിങ്ങനെ കോർട്ടിൽ ഓൾ റൗണ്ടായി നിറഞ്ഞു നിന്നു. ഇക്കാലത്തിനിടെ തൊള്ളായിരത്തോളം ട്രോഫികളാണ് വാരിക്കൂട്ടിയത്. കാഞ്ഞാർ വിജിലന്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് കൂടുതലും കളിച്ചത്. അന്ന് ശ്രമിച്ചിരുന്നെങ്കിൽ സ്‌പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലി കിട്ടുമായിരുന്നു. എന്നാൽ, കളി തലയ്ക്ക് പിടിച്ചു നടന്നപ്പോൾ ജോലി നേടാനോ ജീവിതം സുരക്ഷിതമാക്കാനോ ശ്രദ്ധിച്ചില്ല. എക്കാലവും വിജിലന്റ് ക്ലബിലെ സജീവ അംഗമായിരുന്ന കബീർ കുട്ടികളെ വോളിബോൾ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ധാരാളം ശിഷ്യന്മാരുണ്ട് കബീറിന്. കാഞ്ഞാർ, അറക്കുളം മേഖലകളിൽ കുട്ടികൾ മുതൽ അപ്പൂപ്പൻമാർക്ക് വരെ വോളിബോൾ എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കബീറിനെയാണ്. ഫസീലയാണ് ഭാര്യ. ഏകമകൾ: റിയ.