ele

ഉടുമ്പന്നൂർ/ അടിമാലി / പീരുമേട്: കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങി കൃഷിയും സ്വത്തും നശിപ്പിച്ച് ഭീതി പരത്തുന്നത് ജില്ലയിലാകെ വ്യാപകമായതോടെ പൊറുതിമുട്ടി ജനം. മൂന്നാർ, മറയൂർ, ചിന്നക്കനാൽ മേഖലകളിൽ പടയപ്പയും ചക്കക്കൊമ്പനുമടക്കമുള്ള കാട്ടാനകൾ വിളയാടുന്നതിന് പുറമേയാണ് പീരുമേട്, അടിമാലി, ഉടുമ്പന്നൂർ വേളൂർ വനം എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ചൊവ്വാഴ്ച രാത്രി ഉടുമ്പന്നൂർ വേളൂർ തേക്ക് പ്ലാന്റേഷന് സമീപത്തെ ഓലിപ്പാറയിലെ ജനവാസമേഖലയിലാണ് കാട്ടാനകൂട്ടം എത്തിയത്. ആനക്കൂട്ടം പുരയിടത്തിലേക്ക് ഇറങ്ങുന്നതിനായി പ്ലാന്റേഷൻ അതിർത്തിയിൽ നിലയുറപ്പിച്ചെങ്കിലും നാട്ടുകാർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു. മുമ്പ് ഇതിന് സമീപത്തുള്ള വരിക്കാമറ്റം, പൊങ്ങൻതോട്, വേളൂർ എന്നീ ജനവാസ മേഖലകളിലും ആനകൾ എത്തിയിരുന്നു. ഇടയ്ക്കിടെ ആനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഇവിടെ സ്ഥിരതാമസമുള്ള പലരും വീട് വാടകയ്ക്ക് എടുത്ത് താമസം മാറിയ സാഹചര്യവുമുണ്ട്. പല പ്രദേശങ്ങളിലും കാട്ടാനകൾ കൃഷി നാശം വരുത്തുന്നതും കാർഷിക മേഖലയായ ഈ പ്രദേശത്തുള്ളവർക്ക് വൻതിരിച്ചടിയാണ്.

വനംവകുപ്പിനെ വെല്ലുവിളിച്ച് കാട്ടാനകൾ

വനം വകുപ്പ് ഓഫീസിന് മുമ്പിൽ രണ്ടാം ദിവസവും കാട്ടാനകൾ വിളയാടിയിട്ടും ഒന്നും ചെയ്യാനാകാതെ ജീവനക്കാർ. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിനടുത്തുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലാണ് മൂന്ന് കാട്ടാനകൾ പട്ടാപ്പകൽ വിലസുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ആനയുടെ സാന്നിദ്ധ്യം കണ്ടിട്ടും ഇവിടെ നിന്ന് തുരത്തിയോടിയ്ക്കാൻ അധികൃതർ തയ്യാറാകാത്തതിൽ വ്യാപക ആക്ഷേപമുണ്ട്. ഓഫീസിനു സമീപം നിൽക്കുന്ന പന മറിച്ചിട്ട് ചവിട്ടിപ്പൊട്ടിച്ചു. കാഞ്ഞിരവേലി, ഇഞ്ചത്തൊട്ടി ഭാഗങ്ങളിൽ താമസിയ്ക്കുന്നവർ കാൽനടയായി ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. കാട്ടാനകൾ ഉയർത്തുന്ന ഭീഷണി വനംവകുപ്പ് ഉദ്യോഗസ്ഥർ അവഗണിയ്ക്കുകയാണെന്നാണ് ആക്ഷേപം.

തോട്ടങ്ങളിൽ നാശം വിതച്ചു

പീരുമേട് ബഥേൽ പ്ലാന്റേഷന്റെ തോട്ടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് കാട്ടാന വരുത്തിയത്. തോട്ടത്തിലെ കൃഷി വിളകളും കയ്യാലകളും നശിപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടാനയെ തുരത്തുന്നുണ്ടെങ്കിലും ഇവ വീണ്ടും എത്തുകയാണെന്ന് തോട്ടം മാനേജ്‌മെന്റ് പറയുന്നു. ഇതോടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്.