ഇടുക്കി: ജില്ലയിലെ ശിശുദിനാഘോഷങ്ങൾക്ക് ഇന്ന് രാവിലെ എട്ടിന് ചെറുതോണി ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പതാക ഉയർത്തുന്നതോടെ തുടക്കമാകും. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ശിശുദിനറാലി, കുട്ടികളുടെ സമ്മേളനം, ശിശുദിന സ്റ്റാമ്പ് പ്രകാശനം, ഫോട്ടോ പ്രദർശനം എന്നിവയുണ്ടാകും. കുട്ടികളുടെ പ്രധാനമന്ത്രി ദയാ മോനിഷ് ശിശുദിന റാലി നയിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ റാലി ഫ്ളാഗ് ഓഫ് ചെയ്യും. ചെറുതോണി ടൗണിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗൺ ഹാളിൽ സമാപിക്കും. പൊതുസമ്മേളനം രാവിലെ 9.30ന് കുട്ടികളുടെ പ്രധാനമന്ത്രി ദയ മോനിഷ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കർ കുമാരി അന്നാ മനോജ് അദ്ധ്യക്ഷത വഹിക്കും. ശിശുദിന സ്റ്റാമ്പ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് പ്രകാശനം ചെയ്യും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ജില്ലാ വനിതാ ശിശുവികസന ഓഫീസർ ഗീതാകുമാരി ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ശിശുദിന സന്ദേശം നൽകും. പഞ്ചായത്ത് അംഗം നിമ്മി ജയൻ സമ്മാനദാനം നിർവഹിക്കും. ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം, വർണ്ണോത്സ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.

സ്‌കൂളുകൾക്ക് ഇന്ന് ബാഗ് ഫ്രീ ഡേ

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ബാഗ് ഫ്രീ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ വ്യാപൃതരാകുക എന്ന ലക്ഷ്യത്തോടെ ഇത് സംബന്ധിച്ച നിർദേശം സ്‌കൂളുകൾക്ക് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ ഉത്തരവ് നൽകി.