തൊടുപുഴ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശിശുദിനത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. കുട്ടികളുടെ ഹരിതസഭയുടെ ജില്ലാ തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ നടന്നു. മാലിന്യത്തിൽ നിന്ന് മുക്തമാക്കുകയെന്ന കർമ്മം ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണെന്ന് ഹരിതസഭ ഉദ്ഘാടനം ചെയ്ത ഇടുക്കി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് പറഞ്ഞു.
പ്രാദേശിക മാലിന്യം മുതൽ പ്ലാസ്റ്റിക്കുകളുടെ ഉത്പാദനമടക്കമുള്ള വിഷയങ്ങളിൽ കുട്ടികളിൽ നിന്ന് ചോദ്യമുണ്ടായി. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മറുപടി നൽകി. മാലിന്യ മുക്ത ഉടുമ്പന്നൂരിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളെയും കേരളപ്പിറവി ദിനത്തിൽ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചിരുന്നു. ഈ മികവിന്റെ പേരിലാണ് ജില്ലാ തല ഉദ്ഘാടനത്തിന് ഉടുമ്പന്നൂർ വേദിയായത്. ഉടുമ്പന്നൂർ ഹരിത സഭയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 408 വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാനൽ പ്രതിനിധികളായ തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മിസ്നാ കരീം, സഫിയ സുധീർ, സുഹൈന അസീസ് എന്നിവർ സഭാ നടപടികൾ നിയന്ത്രിച്ചു. മാലിന്യ നിർമ്മാർജന രംഗത്ത് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം അവതരിപ്പിച്ചു. ഓരോ വിദ്യാലയങ്ങളെയും പ്രതിനിധീകരിച്ച് ഹരിതസഭാ ലീഡർമാർ അവരുടെ റിപ്പോൾട്ടുകൾ അവതരിപ്പിച്ചു. ഹരിത സഭയിലെ മികച്ച വിദ്യാർത്ഥിയായി പരിയാരം എസ്.എൻ.എൽ.പി സ്‌കൂളിലെ പി.എൻ. നസ്റിൻ ഫാത്തിമയെയും മികച്ച വിദ്യാലയമായി ഉടുമ്പന്നൂർ സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ.ആർ. ബിനുമോൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം. സുബൈർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ റജീന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.