തൊടുപുഴ: ശബരിമല തീർത്ഥാടകർക്കായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് നാളെ മുതൽ വൈകിട്ട് 6.30ന് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് ആരംഭിക്കും. പാല, എരുമേലി വഴിയാണ് പമ്പ സ്‌പെഷ്യൽ സർവ്വീസ്. തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള ഇടത്താവളത്തിന്റെ പ്രവർത്തനവും അന്നേ ദിവസം ആരംഭിക്കും. അയ്യപ്പഭക്തർക്ക് കുടിവെള്ളം, ഭക്ഷണം, വിശ്രമിക്കാനുള്ള സ്ഥലം, രാത്രിയിൽ അന്തിയുറങ്ങാനുള്ള ക്രമീകരണങ്ങൾ, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. കെട്ടുനിറയ്ക്ക് ആവശ്യമായ എല്ലാവിധ പൂജാ സാധനങ്ങളും ക്ഷേത്ര കൗണ്ടറിൽ നിന്ന് ലഭിക്കും. പെരിയ സ്വാമിയുടെ സേവനവും ലഭ്യമാണ്. ഇടത്താവളത്തിന്റെയും ബസ് സർവ്വീസിന്റെയും ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു, തഹസിൽദാർ എസ്. ബിജിമോൾ, കെ.എസ്.ആർ.ടി.സി ഡി.ടി.ഒ- കൺട്രോളിംഗ് ഓഫീസർ, ക്ഷേത്രഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തീർത്ഥാടകർക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മാനേജിംഗ് ട്രസ്റ്റ് എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, കെ.ആർ. വേണു, സി.സി. കൃഷ്ണൻ എന്നിവർ അറിയിച്ചു.