
കട്ടപ്പന :ഇന്ത്യ പോപ്പുലേഷൻ പ്രൊജ്ര്രകിന്റെ ഭാഗമായി വണ്ടൻമേട്ടിൽ നിർമ്മിച്ച കെട്ടിടം നാശത്തിന്റെ വക്കിലേക്ക്. 34 വർഷം മുമ്പാണ് ഇവിടെ ഹെൽത്ത് ഇൻസ്‌പെക്ടർ ട്രയിനിംഗ് സെന്റർ ആരംഭിച്ചത്. എന്നാൽ ഒരു വർഷം മാത്രമാണ് ഇതിന് ആയുസുണ്ടായിരുന്നത്. ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ കെട്ടിടം മെയിന്റനൻസ് നടത്തി ജില്ലാ റ്റി.ബി. സെന്റർ ആരംഭിച്ചിരുന്നു .4 ഡോക്ടർമാരും ആവശ്യമായ മറ്റ് ജീവനക്കാരേയും നിയമിച്ച് നല്ല രീതിയിലാണ് സെന്റർ പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം സെന്റർ പൈനാവിലേക്ക് മാറ്റി.ഇതിൽ പ്രതിഷേധിച്ച് അന്നത്തേ ഉടുമ്പൻ ചോല എം.എൽ.എ.
കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾ രംഗത്തെത്തിയിരുന്നു.എന്നാൽ രാത്രിയുടെ മറവിൽ ഫർണിച്ചറുകളടക്കമുള്ള സാധനങ്ങൾ ആരോഗ്യ വകുപ്പ് നീക്കം ചെയ്യുകയായിരുന്നു. 2014-15 ൽ 35 ലക്ഷം രൂപ മുടക്കി കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ വീണ്ടും കെട്ടിടം ശോച്യാവസ്ഥയിലായിരിക്കുകയാണ്.
ഇപ്പോൾ വണ്ടൻമേട് ജനകീയ ആരോഗ്യ കേന്ദ്രം ഇവിടെയാണ് പ്രവർത്തിക്കുന്നത്. കാട്ട് പന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥ നീക്കി കോടികൾ മുടക്കിയ കെട്ടിടം ഉപയോഗപ്രദമാക്കണമെന്നാണ് ആവശ്യമുയരുന്നത്.