devapriya
സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് കായിക പ്രതിഭകളെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ചെറുതോണി: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മിന്നുംജയം നേടി നാട്ടിൽ തിരിച്ചെത്തിയ കാൽവരിമൗണ്ടിന്റെ പൊൻതാരകങ്ങൾക്ക് ജന്മനാടിന്റെ സ്‌നേഹാദരം. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയ പാലത്തുംതലയ്ക്കൽ ദേവപ്രിയ ഷൈബു, സീനിയർ വിഭാഗം 3000, 1500, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ അലീന സജീ മാക്കലിനുമാണ് കാൽവരിമൗണ്ട് പൗരാവലി സ്വീകരണമൊരുക്കിയത്. ഇരുവരും കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ്. ചെറുപ്രായത്തിൽ തന്നെ പ്രതിസന്ധികളെ അതിജീവിച്ച് നാട്ടിൻപുറത്തെ പരിമിതമായ പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് താരങ്ങൾ കുതിച്ചുയർന്നത്. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് കായിക പ്രതിഭകളെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ വി.എൻ. പ്രഹ്ളാദൻ, ആപ്‌കോസ് പ്രസിഡന്റ് മോളിക്കുട്ടി ജെയിംസ്, സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റിയംഗം കെ.ജെ. ഷൈൻ, ലോക്കൽ സെക്രട്ടറി എം.വി. ജോർജ് എന്നിവർ ആശംസകളർപ്പിച്ചു.