ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്നിട്ടുള്ള വാർഡ് നിയോജക മണ്ഡലങ്ങളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാർഡ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്നൂർ വാർഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇടുക്കി കഞ്ഞിക്കുഴി, കരിമണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്. ഒക്ടോബർ 19ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർപട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. നാളെ തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാളെ മുതൽ 22 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 23നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 25നുമാണ്. ഡിസംബർ 10ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 11ന് രാവിലെ 10ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.