ഇടുക്കി: ജില്ലയിൽ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു. 1098 എന്ന ടോൾ ഫ്രീ നമ്പറിൽ ഇനി 24 മണിക്കൂറും സേവനം ലഭിക്കും. പൈനാവിൽ ആരംഭിച്ച ഹെൽപ് ലൈൻ ഓഫീസിന്റെ പ്രവർത്തനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങൾക്കും പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് കളക്ടർ പറഞ്ഞു. ബാലാവകാശസംരക്ഷണ വാരാചരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മുമ്പ് വിവിധ സന്നദ്ധസംഘടനകൾ നിയന്ത്രിച്ചിരുന്ന ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ വനിതാ ശിശുവികസന വകുപ്പ് നേരിട്ടാണ് ഇനി ഏകോപിപ്പിക്കുക. പൈനാവിൽ ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിലാണ് ഹെൽപ് ലൈൻ സെന്റർ പ്രവർത്തിക്കുക. പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ടി ഇ നൗഷാദ്, ശിശുക്ഷേമ സമിതി ചെയർമാൻ ജയശീലൻ പോൾ, ജുവനൈൽ ജസ്റ്റിസ് ബോർഡംഗം സി.പി. മക്കാർ, എസ്.ജെ.പി.യു നോഡൽ ഓഫീസർ കെ.ആർ. ബിജു, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. ഗീതാകുമാരി, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ടി.ജി. മഞ്ജു, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ.എസ്. പ്രമീള, ചൈൽഡ് ഹെൽപ് ലൈൻ കോ- ഓഡിനേറ്റർ എലിസബത്ത് മരിയ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ. നിഷ എന്നിവർ പങ്കെടുത്തു.