ഇടുക്കി: ജില്ലയിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ എട്ടിന് ചെറുതോണി ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പതാക ഉയർത്തി. ശിശുദിനറാലിയിൽ ന്യൂമാൻ എൽ.പി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോർജ് പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ശിശുദിനറാലി നയിച്ചു. തുടർന്ന് നടന്ന സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ കുമാരി അന്ന മനോജ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ ശിശുദിന സന്ദേശം നൽകി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ എസ്. ഗീതാകുമാരി പ്രതിഭകളെ ആദരിച്ചു. വർണ്ണോത്സവ വിജയികൾക്കുള്ള സമ്മാനദാനം വാർഡംഗം നിമ്മി ജയൻ നിർവ്വഹിച്ചു. മാസ്റ്റർ ആഷ്വിൻ ബെന്നി നന്ദി പറഞ്ഞു. ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.