കട്ടപ്പന : റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂളിൽ നടത്തിയ ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വർണശബളമായ റാലിയോടെ സമാപനം. കലോത്സവത്തിൽ വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. അടിമാലി കാർമൽജ്യോതി സ്‌പെഷ്യൽ സ്‌കൂൾ രണ്ടും പൈനാവ് അമൽജ്യോതി സ്‌പെഷ്യൽ സ്‌കൂൾ മൂന്നും സ്ഥാനം കരസ്ഥമാക്കി. രാവിലെ നഗരസഭ ചെയർപഴ്സൻ ബീന ടോമി കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്നു കാറ്റഗറികളിലായി ആറിനങ്ങളിൽ ഒമ്പതു സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളാണ് മത്സരിച്ചത്.
ഉച്ചകഴിഞ്ഞ് ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച റാലിയിൽ വിവിധ വേഷധാരികളായ കുട്ടികൾ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. റാലിയിലെ മികച്ച പ്രകടനത്തിന് വള്ളക്കടവ് സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂൾ ഒന്നാം സ്ഥാനവും വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് മിനി സ്‌റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കലാകിരീടം കരസ്ഥമാക്കിയ അസീസി സ്‌കൂളിന് 10,000 രൂപയും ട്രോഫിയും മന്ത്രി സമ്മാനിച്ചു. കാർമൽജ്യോതി സ്‌കുളിന് രണ്ടാം സമ്മാനമായി 6000 രൂപയും ട്രോഫിയും അമൽജ്യോതി സ്‌കൂളിന് മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും സമ്മാനിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ സ്‌കൂളുകൾക്കും 2000 രൂപയും മെഡലും സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ബൈജു വേമ്പേനി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ബേബി ജോസഫ്, നഗരസഭാദ്ധ്യക്ഷ ബീന ടോമി, ജോസഫ് തോമസ്, യൂനസ് സിദ്ധിഖ്, പി.കെ. ഷാജി, സിസ്റ്റർ ആൽസീന, സിബിച്ചൻ ജോസഫ്, ബൈജു ജോസ് എന്നിവർ പങ്കെടുത്തു.