 
മറയൂർ: ചന്ദന റിസർവ്വിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയ കേസിൽ നാലു പേർ പിടിയിൽ. പുറവയൽകുടി സ്വദേശി ആർ. ഗോപാലൻ, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാർ, മറയൂർ കരിമുട്ടി സ്വദേശി കെ.പി. സുനിൽ, പയസ് നഗർ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ജൂണിൽ ചന്ദന റിസർവ്വ് 54ൽ നിന്ന് ചന്ദനമരം മുറിച്ച് വിൽപ്പന നടത്തിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. കൊടൈക്കനാലിൽ ഒളിൽ കഴിഞ്ഞിരുന്ന പ്രതി ദീപകുമാറിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. ഇവർ മുറിച്ച മരം പുറവയൽകുടിയിലെ ഗോപാലനാണ് വിറ്റത്. ഗോപാലൻ ഇത് സുനിലിനും പിന്നീട് വിനോദിനും കൈമാറുകയായിരുന്നു. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പിന് എത്തിച്ചു. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് സൂചന. മറയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ജു കെ. അരുൺ, ഡെപ്യൂട്ടി റേഞ്ചർ ശ്രീകുമാർ വി.ആർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രോഹിത് എം. രാജ്, തോമസ് മാത്യു, ഷിജിൻ ലാൽ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.