തൊടുപുഴ: സംഘടിത കർഷക മുന്നേറ്റത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് കാഡ്സ് എന്ന് കഴിഞ്ഞ 25 വർഷങ്ങൾ കൊണ്ട് സമൂഹത്തിന് തെളിയിച്ചു കൊടുക്കാൻ കാഡ്സിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കാഡ്സിന്റെ രജത ജൂബിലിയോടനുബന്ധിച്ച് കാഡ്സ് അങ്കണത്തിൽ ചേർന്ന ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ദിവസം 25 കർഷകരോടൊപ്പം ചേർന്ന് അദ്ദേഹം തിരികൊളുത്തി. കാഡ്സിന്റെ രക്ഷാധികാരിയായിരുന്ന പി.കെ. കൃഷ്ണൻനായരുടെ ഫോട്ടോ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുര അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ജോസഫ് ജോൺ, പ്രൊഫ. എം.ജെ. ജേക്കബ്, പ്രൊഫ. ജോസഫ് അഗസ്റ്റിൻ, പ്രൊഫ. കെ.ഐ. ആന്റണി, സുരേഷ് ബാബു,​ ലീലാമ്മ ജോസ്, അഡ്വ. ബാബു പരമേശ്വരൻ, സുമതി നാരായണൻ നായർ, പി.എം. മാനുവൽ, എം.എസ്. നാരായണൻ നായർ, മുൻസിപ്പൽ കൗൺസിലർ ആർ. ഹരി എന്നിവർ പ്രസംഗിച്ചു. കാഡ്സ് ജോയിന്റ് സെക്രട്ടറി എൻ.ജെ. മാമച്ചൻ സ്വാഗതവും കാഡ്സ് ഡയറക്ടർ കെ.എം. മത്തച്ചൻ നന്ദിയും പറഞ്ഞു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഡ്സിന്റെ ആരംഭകാലത്ത് ഒപ്പം നിന്ന് കൈപിടിച്ച് നയിക്കുകയും കാഡ്സിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത മഹത് വ്യക്തിത്വങ്ങളെ യോഗത്തിൽ ആദരിച്ചു.