sn
പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ശിശുദിന റാലി

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും വളരെ വിപുലമായി സംഘടിപ്പിച്ചു. സ്‌കൂളിലെ എല്ലാ കുട്ടികളും ചാച്ചാജിമാരായാണ് സ്‌കൂളിൽ എത്തിയത്. കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചന, ചാച്ചാജി മത്സരം, പ്രസംഗം തുടങ്ങിയവയും നടന്നു. സ്‌കൂൾ മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു,​ ശാഖാ സെക്രട്ടറി എ.വി. മണിക്കുട്ടൻ, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഷാജി പതികാലായിൽ, എം.പി.ടി.എ പ്രസിഡന്റ് ബിജി മരിയ ചാണ്ടി എന്നിവർ ആശംസകളറിയിച്ചു. കൂടാതെ നവീകരിച്ച ഹൈടെക് സ്‌കൂളിന്റെ മൂന്നാമത് വാർഷികാഘോഷവും മധുര പലഹാര വിതരണവും നടത്തി. സതീഷ് കെ.വി നന്ദി പറഞ്ഞു. സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരും പി.ടി.എ, എം.പി.ടി.എ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.