ഇടുക്കി: അടിമാലി മന്നാംകാലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ബോദ്ധ്യപ്പെടുത്തുന്നതിനായി അടിമാലി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. ആൺകുട്ടികളുടെ ഹോസ്റ്റൽ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 31,50,000, 34,50,000 രൂപയുടെയും രണ്ട് എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബർ 1 ന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചതായി പറയുന്നു. എന്നാൽ ഡയറക്ടർ തീരുമാനമെടുത്തിട്ടില്ല. കാലതാമസം വന്നതിന്റെ കാരണവും വ്യക്തമല്ല. ഡയറക്ടർ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസറെ വിവരമറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നവംബർ 30 നകം കമ്മീഷനിൽ സമർപ്പിക്കണം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.