mnr

അടിമാലി: മലയോരമേഖലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് രണ്ടാം മൈൽ വ്യൂപോയിന്റും പരിസര പ്രദേശങ്ങളും. മൂന്നാറിന്റെ മലമടക്കുകളെ കാണാനായി എത്തുന്ന അനവധിആളുകളെ സ്വീകരിക്കുന്ന പ്രവേശന കവാടം കൂടിയാണിത്. മൂന്നാർ തൊട്ടരികിൽ എത്തിയെന്ന് സഞ്ചാരികളെ വിളിച്ചറിയിക്കുന്ന ഭൂപ്രകൃതി. ഇടുക്കിയുടെ മനോഹാരിതയെ കൂടുതൽ അടുത്തറിയാനും ആസ്വദിക്കാനുമായി എത്തുന്ന അനവധി സഞ്ചാരികളെ വരവേൽക്കുകയാണ് ഈ ഇടം. മലനിരകളെ പുൽകിയിറങ്ങുന്ന കോടമഞ്ഞും തേയിലച്ചെടികളാൽ പച്ചവിരിച്ച മലഞ്ചെരുവും രണ്ടാംമൈലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.ഇടക്കിടെ തണുത്ത കാറ്റ് വീശികൊണ്ടിരിക്കും.മഴ പെയ്താൽ പ്രദേശമാകെ മഞ്ഞ് മൂടും.തെളിഞ്ഞ കാലാവസ്ഥയെങ്കിൽ ദൂരേക്ക് പരന്നകാഴ്ച്ചയൊരുക്കും രണ്ടാംമൈൽ.മൂന്നാറിലേക്കുള്ള യാത്രയിൽ രണ്ടാംമൈലിൽ ഇറങ്ങി വിശ്രമിച്ചും ചിത്രങ്ങൾ പകർത്തിയുമൊക്കെയാണ് സഞ്ചാരികൾ യാത്ര തുടരാറ്.മഴമാറിയതോടെ മൂന്നാർ സഞ്ചാരികളാൽ കൂടുതൽ സജീവമാകുകയാണ്.രണ്ടാംമൈലും പതിയെ പതിയെ സഞ്ചാരികളുടെ തിരക്കിലമരും.കോടമഞ്ഞ് പുൽകുന്ന രണ്ടാംമൈലിന്റെ മനോഹരകാഴ്ച്ച സഞ്ചാരികൾക്കെത്ര ആസ്വദിച്ചാലും മതിയാവാറില്ല.