
ചെറുതോണി: ബൈക്ക് നിയന്ത്രണം വിട്ട് വാഹനത്തിലിടിച്ച് യുവാവ് മരിച്ചു. അണക്കര ചെല്ലാർകോവിൽ സ്വദേശി നായേറ്റുപാറ മനോജിന്റെ മകൻ വിഘ്‌നേശ്വർ (19) ആണ് മരിച്ചത്. അടിമാലി -കുമളി ദേശീയ പാതയിൽ ഇടുക്കിക്കും ഡാം ടോപ്പിനുമിടയിൽ ഗുരുമന്ദിരത്തിന് സമീപrഇന്നലെവൈകിട്ട് 6.25 നാണ് അപകടം നടന്നത്. ചെറുതോണി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു യുവാവ്. സംഭവ സമയം എതിർ ദിശയിൽ നിന്നും ഒരു ആംബുലൻസും ഇന്നോവയും പിക്കപ്പ് വാനും വന്നിരുന്നു. ഇതിൽ ഒരു വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഇടുക്കി സ്വദേശി താഴത്തുരുത്തിൽ ബിനീഷ് മാത്യുവാണ് വിഘ്‌നേശ്വറിനെ കാറിൽ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച യുവാവ് അര മണിക്കുറിനകം മരണം സംഭവിക്കുകയായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒരു ലക്ഷത്തോളം രൂപയുള്ളതായി ബിനീഷ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.